കോഴിക്കോട്: കേന്ദ്രമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം സുരേഷ് ഗോപി കേരളത്തിൽ. കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ സുരേഷ് ഗോപിയെ എംടി രമേശ്, വികെ സജീവൻ ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്. ഹർഷാരവങ്ങളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് ബിജെപി പ്രവർത്തകർ തങ്ങളുടെ കേന്ദ്രമന്ത്രിയുടെ വരവ് ആഘോഷമാക്കിയത്. പ്രവർത്തകരെ അഭിവാദ്യം ചെയ്ത അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
കോഴിക്കോടേക്ക് പോകുന്ന സുരേഷ് ഗോപി നാളെ പുലർച്ചെ തളി ക്ഷേത്രം സന്ദർശിക്കും. കൂടാതെ ജില്ലയിലെ പ്രമുഖരെയും കാണും. നാളെ രാവിലെ ട്രെയിൻ മാർഗം കണ്ണൂരിലേക്ക് പോകും. പയ്യാമ്പലം ബീച്ചിൽ മാരാർജി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തും. കൊട്ടിയൂർ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങളിലും ദർശനം നടത്തും. മറ്റന്നാൾ തൃശൂരിലെത്തും.
കേരളത്തിലെ അനന്തമായ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുമെന്നും ഇതിനായി പദ്ധതികൾ ആവിഷ്കരിക്കുന്നുമെന്നും അദ്ദേഹം മന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.