കോഴിക്കോട്: താമരശേരിയിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. അക്രമം തടയാനെത്തിയ യാത്രക്കാരനേയും കയ്യേറ്റം ചെയ്ത ശേഷം സംഘം കടന്നു കളയുകയായിരുന്നു.
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ബെംഗളൂരുവിലേക്ക് സീറ്റ് ബുക്ക് ചെയ്യാതെ യാത്ര ചെയ്യാനെത്തിയ ഒരാളെ സീറ്റില്ലാത്തതിനാൽ മടക്കി അയച്ചിരുന്നു. ഇതിന്റെ പ്രകോപനത്തിൽ ഇയാൾ സംഘമായി എത്തി ബസിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
ഡ്രൈവറെ കയ്യേറ്റം ചെയ്യുന്നത് തടയാനെത്തിയ യാത്രക്കാരനെയും ഇവർ മർദ്ദിച്ചു. അക്രമി സംഘമെത്തിയ കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.