തിരുവനന്തപുരം: സദ്യക്ക് മറ്റും പച്ചക്കറി കഴുകാതെ ഉപയോഗിച്ചാൽ ഇനി എട്ടിന്റെ പണി കിട്ടും. കല്യാണ മണ്ഡപങ്ങളിലും ഓഡിറ്റോറിയങ്ങളിലും നടക്കുന്ന സദ്യകളിൽ പച്ചക്കറി കഴുകാതെയാണ് ഉപയോഗിക്കുന്നതെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയത്.
പാലും പഴങ്ങളും പച്ചക്കറികളും ഉൾപ്പടെയുള്ള ഭക്ഷണവസ്തുക്കളിൽ മായം ചേർന്നക്കുന്നതിനെതിരെ ഡോ. സുരേഷ് കെ. ഗുപ്തൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലാവരം ഉറപ്പാക്കാൻ വകുപ്പ് പ്രത്യേകശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വൃത്തിഹീനമായ പാചകം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആദ്യത്തെ തവണ മുന്നറിയിപ്പും പിഴയും നിർദ്ദേശിക്കും. പിഴ തുക ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസുകൾക്ക് നിശ്ചയിക്കാവുന്നതാണ്. എന്നാൽ ഇതേ രീതി തുടർന്നാൽ സാംപിളുകൾ ശേഖരിച്ച് ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കും. ആർടിഒ, കോടതി വഴി നിയമ നടപടികൾ നേരിടേണ്ടി വരും. ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതാണ്.