തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ട്. ആലുവ-ഇടപ്പള്ളി റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. സഹോദരൻ അയ്യപ്പൻ റോഡ‍്, ഇടപ്പള്ളി മരോട്ടിച്ചുവട് എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സഹോദരൻ അയ്യപ്പൻ, പാലാരിവട്ടം-കാക്കനാട്, ആലുവ-ഇടപ്പള്ളി റോഡിലാണ് ഗതാഗത കുരുക്ക് രൂക്ഷമായത്. മിക്ക വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. ഫോർട്ട് കൊച്ചിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ മരം വീണു.
തലസ്ഥാനത്തും ശക്തമായ മഴയാണ്. നെയ്യാറ്റിൻകരയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മതിലിന്റെ ഒരു ഭാഗം നെയ്യാറിലേക്ക് ഇടിഞ്ഞുവീണു. കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മങ്ങാട് പ്രദേശത്തെ വീടുകളിലും വെള്ളം കയറി. എംജി റോഡിൽ നിലമേൽ, വാളകം ദേശീയപാതയിൽ കൊട്ടിയം, ചാത്തനൂർ മേഖലകളിലാണ് വെള്ളക്കെട്ട്.