ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ വ്യക്തിപരമായ അധിക്ഷേപങ്ങൾ തന്നെ ബാധിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 24 വർഷമായി നിരന്തരം ഇത്തരം അധിക്ഷേപങ്ങൾ കേൾക്കുന്നുണ്ടെന്നും അതുകൊണ്ട് അവയൊന്നും തന്നെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മോദി പറഞ്ഞു. പ്രതിപക്ഷത്തിന് തന്നെ അധിക്ഷേപിക്കാനുള്ള അവകാശമുണ്ടെന്നാണ് അവർ കരുതുന്നതെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽികിയ അഭിമുഖത്തിൽ മോദി പറഞ്ഞു.
“കഴിഞ്ഞ 24 വർഷമായി അവർ എനിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നിരന്തരമായി നടത്തുന്നുണ്ട്. മരണത്തിന്റെ വ്യാപാരി, മലിനജലത്തിലെ പ്രാണി എന്നൊക്കെ അവരെന്നെ പറഞ്ഞിട്ടുണ്ട്. പാർലമെന്റിലെ ഞങ്ങളുടെ പാർട്ടി അംഗം ഇതിന്റെ കണക്കുവരെ എടുത്തിട്ടുണ്ട് . 101 അധിക്ഷേപ വാക്കുകളാണ് അവർ എനിക്കെതിരെ ഉപയോഗിച്ചിരിക്കുന്നത്,”മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും തനിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തുന്നതിന് അവകാശമുണ്ടെന്നാണ് പ്രതിപക്ഷം വിചാരിക്കുന്നത്. അവർ അത്രയും നിരാശരാണ്. അതുകൊണ്ടുതന്നെ അധിക്ഷേപിക്കുക എന്നത് പ്രതിപക്ഷത്തിന്റെ സ്വഭാവമായി മാറിയെന്നും മോദി പറഞ്ഞു.