ന്യൂഡൽഹി: പഞ്ചാബിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബൽക്കർ സിംഗിനെതിരായ ലൈംഗികാരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ വനിതാ കമ്മീഷൻ. ജോലിക്കായി സമീപിച്ച 21കാരിയെ വീഡിയോ കോളിലൂടെ ലൈംഗിക ചേഷ്ടകൾ കാണിച്ചു എന്നാണ് മന്ത്രിക്കെതിരെയുള്ള ആരോപണം.
മന്ത്രിയുടെ മോശമായ പെരുമാറ്റത്തിൽ ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ അപലപിച്ചു. വിഷയത്തിൽ ഉടൻ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ദേശീയ കമ്മീഷൻ അദ്ധ്യക്ഷ പഞ്ചാബ് ഡിജിപിയോട് നിർദ്ദേശിച്ചു.
പഞ്ചാബ് എംഎൽഎയും മന്ത്രിയുമായ ബൽക്കർ സിംഗിനെതിരായ ആരോപണം അതീവ ഗുരുതരമാണെന്നും അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും വനിതാ കമ്മീഷൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഐപിസി 354, 354 ബി വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃതങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സ്ത്രീയുടെ അന്തസിനെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്ന പ്രവർത്തിയായതിനാൽ പഞ്ചാബ് ഡിജിപി വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കമ്മീഷൻ എക്‌സിൽ കുറിച്ചു.
ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ് ബാഗ എക്‌സിൽ വീഡിയോ പങ്കുവച്ചതോടെയാണ് വിവാദം ഉയരുന്നത്. ബൽക്കർ സിംഗിനെതിരെ നടപടിയെടുക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനോടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോടും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.