ലോകത്തിലെ ഏറ്റവും കൂടുതൽ കഠിനാദ്ധ്വാനികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ സുവർണ നേട്ടം സ്വന്തമാക്കി യുഎഇ. കഠിനാദ്ധ്വാനികൾ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമെന്ന അംഗീകാരമാണ് യുഎഇയെ തേടിയെത്തിയത്. കമ്മ്യൂണിക്കേഷൻ ഏജൻസിയായ ഡ്യൂക്ക് മിർ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഭൂട്ടാനാണ് ഒന്നാം സ്ഥാനത്തുള്ളത്. റിപ്പോർട്ട് പ്രകാരം യുഎഇയിലെ പൗരന്മാർ ആഴ്ചയിൽ 50.9 മണിക്കൂറാണ് ജോലി ചെയ്യുന്നത്. രാജ്യത്തെ 97 ശതമാനം പേരും എല്ലാ മാസവും രാജ്യത്തിന് പുറത്തേക്ക് യാത്രകൾ ചെയ്യാറുണ്ടെന്നും പത്തിൽ ഏഴ് ശതമാനം പേരും ആഴ്ചയിൽ ഒരു തവണയെങ്കിലും പുറത്ത് നിന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആയിരത്തിലധികം പേരിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
യുഎഇയിൽ 83 ശതമാനം പേരും വീടുകളിലിരുന്ന ടെലിവിഷൻ പരിപാടികൾ ആസ്വദിക്കുന്നവരാണ്. 68 ശതമാനം ആൾക്കാർ പുറത്ത് പോയി ഭക്ഷണം കഴിക്കുന്നു. 66 ശതമാനം പേർ കായിക പരിപാടികളിൽ സജീവമാണ്. രാജ്യത്തെ 64 ശതമാനം പേർ വായനക്കാരാണ്. യുഎഇയിലെ ജനങ്ങളിൽ ഏറെയും വിനോദ പരിപാടികളിൽ ഏർപ്പെടുന്നവരാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
18 വയസിനും 22-നും ഇടയിൽ പ്രായമുള്ള ഭൂരിഭാഗം പേരും കായിക-വിനോദങ്ങളിൽ പങ്കെടുക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎഇയുടെ കഠിനാദ്ധ്വാനം തെളിയിക്കുന്നതാണ് ഈ റിപ്പോർട്ടെന്ന് ഡ്യൂക്ക് മിർ പങ്കാളിയായ മിർ മുർതാസ ഖുർഷിദ് വ്യക്തമാക്കി.