ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുക എന്നതിലുപരിയായി രാജ്യത്തെ ജനങ്ങളുടെ നേട്ടങ്ങൾക്ക് തുരങ്കം വയ്‌ക്കുന്ന പ്രവർത്തികളാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് എല്ലായ്‌പ്പോഴും ഉണ്ടാകുന്നതെന്ന വിമർശനവുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ഒരു നല്ല പ്രതിപക്ഷം ചെയ്യേണ്ടുന്ന കാര്യങ്ങളല്ല അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. യാതൊരു അർത്ഥവുമില്ലാതെ സർക്കാരിനെ കുറ്റപ്പെടുത്തുക, സമ്പത്ത് പുനർവിതരണം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുക തുടങ്ങിയ കാര്യങ്ങളിൽ മാത്രമാണ് പ്രതിപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും നിർമല സീതാരാമൻ വിമർശിച്ചു.
” എൻഡിഎ സർക്കാർ വീണ്ടുമൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത കുറ്റപ്പെടുത്തലുകൾ മാത്രമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. നല്ലൊരു പ്രതിപക്ഷമായി പ്രവർത്തിക്കാൻ പോലും അവർക്ക് സാധിച്ചിട്ടില്ല. പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ എത്തുന്നത് തടയണമെന്ന് ആഗ്രഹിച്ചുള്ള നീക്കങ്ങളാണ് ഇപ്പോൾ അവർ നടത്തുന്നത്.
പരാജിതരും യാതൊരു ലക്ഷ്യബോധവുമില്ലാത്ത ഒരു കൂട്ടം ആളുകളാണ് ഇൻഡി മുന്നണിയിൽ ഉള്ളത്. ഫലപ്രഖ്യാപനത്തിന് ശേഷം അടുത്ത സർക്കാർ രൂപീകരിക്കാനൊരുങ്ങുകയാണ് എൻഡിഎ. ജനങ്ങളുടെ ആഗ്രഹം എന്താണെന്ന് വ്യക്തമായി അറിയുന്നത് കൊണ്ട് തന്നെയാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നത്. പ്രതിപക്ഷം ഇവിഎമ്മുകളേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും കുറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്.
എൻഡിഎ സഖ്യത്തിന്റെ വിജയത്തെ ചോദ്യം ചെയ്യാനുള്ള വഴികളാണ് അവർ ഇപ്പോൾ തേടുന്നത്. വ്യാജപ്രചരണങ്ങൾ നടത്തി വളഞ്ഞ വഴിയിലൂടെ സഞ്ചരിക്കാൻ മാത്രമേ പ്രതിപക്ഷത്തിന് അറിയുകയുള്ളു. പ്രതിപക്ഷമെന്ന നിലയിൽ തെരഞ്ഞെടുപ്പിൽ നേരായ രീതിയിൽ പോരാട്ടത്തിന് ഇറങ്ങാൻ പോലും ഇക്കൂട്ടർക്ക് സാധിക്കുന്നില്ലെന്നും” നിർമല സീതാരാമൻ വിമർശിച്ചു.