നിർമ്മാല്യം പോലുള്ള സിനിമകൾ ഇന്ന് എടുക്കാൻ കഴിയില്ലെന്നും സമൂഹത്തിൽ ഉണ്ടായ മാറ്റത്തിനൊപ്പം കലാകാരന്മാരുടെ നിലപാടുകളിൽ മാറ്റമുണ്ടാവണമെന്നും നടൻ സിദ്ദിഖ്. മുസ്ലിം ആയതിന്റെ പേരിൽ മലയാള സിനിമയിൽ മാറ്റിനിർത്തപ്പെട്ടിട്ടില്ലെന്നും എക്കാലത്തും സുഹൃത്തുക്കൾ തന്നെ കൈപിടിച്ച് ഉയർത്തിയിട്ടേ ഉള്ളൂ എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞു.
“നിർമ്മാല്യം ഇന്ന് എടുക്കാൻ പറ്റില്ല, പഴയ കാലമല്ല. ദേവിയുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്നതാണ് അതിന്റെ ക്ലൈമാക്സ്. ഇന്ന് അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ല. അങ്ങനെ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്, അതനുസരിച്ച് സിനിമയും മാറിയിട്ടുണ്ട്. സിനിമയും മാറണം, നമ്മളൊക്കെ മാറണം. നമ്മുടെ എല്ലാ നിലപാടുകളും മാറണം. പൊതുജനങ്ങളുടെ സ്നേഹവും സ്വീകാര്യതയും കിട്ടേണ്ടവരാണ് കലാകാരന്മാർ. അവരെ വെറുപ്പിക്കാൻ കഴിയില്ല. ഞാൻ എടുക്കുന്ന നിലപാടുകളും എന്റെ പെരുമാറ്റവും വാക്കുകളും പൊതുജനങ്ങളുടെ ഇഷ്ടത്തിന് വേണ്ടിയിട്ടാണ്. അതുകൊണ്ട് അതനുസരിച്ചിട്ടുള്ള നിലപാടുകളെ എനിക്ക് എടുക്കാൻ കഴിയുകയുള്ളൂ”.
“മുസ്ലിം ആയതിന്റെ പേരിൽ സിനിമയിൽ ഒരു വിവേചനവും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എനിക്ക് നല്ല നല്ല സിനിമകൾ നൽകിയിട്ടുള്ളത് വിജി തമ്പിയും പ്രിയദർശനെയും പോലുള്ളവരാണ്. അവർ ഏതു സമുദായത്തിൽ പെട്ടവരാണെന്ന് പോലും ഞാൻ നോക്കിയിട്ടില്ല. എന്നും സുഹൃത്തുക്കൾ എന്നെ കൈപിടിച്ച് ഉയർത്തിയിട്ടേയുള്ളൂ”- സിദ്ദിഖ് പറഞ്ഞു.