എറണാകുളം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സംസ്ഥാന പൊലീസിന് കേസെടുക്കാമെന്ന് ഇഡി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് രണ്ട് തവണ കത്തയച്ചുവെന്ന് ഇഡി അറിയിച്ചു. വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം, ക്രിമിനൽ ഗൂഡാലോചന കുറ്റമുൾപ്പെടെ നിലനിൽക്കുമെന്നും ഇഡി വ്യക്തമാക്കി.
മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ഹർജി ബാലിശമാണെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. കള്ളപ്പണ കേസാണ് തങ്ങൾ പരിശോധിക്കുന്നതെന്നും സംസ്ഥാന പൊലീസിന്റെ അന്വേഷണ പരിധിയിൽ വരുന്ന വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം, ക്രിമിനൽ ഗൂഡാലോചനകളിൽ കേസെടുക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
വീണാ വിജയൻ ഉൾപ്പെട്ട സാമ്പത്തിക ഇടപാടിൽ വിജിലൻസ് അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ആവശ്യം ഉചിതമല്ലെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സത്യവാങ്മൂലമാണ് ഇഡി ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.