ഭക്ഷ്യവിഷബാധയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. മിക്കവർക്കും ഭക്ഷ്യവിഷബാധ ഏൽക്കുന്നതാകട്ടെ ഷവർമയിൽ നിന്നും കുഴിമന്തിയിൽ നിന്നുമൊക്കെയാണ്. എന്നാൽ ഇതിനൊപ്പം നാം കൂട്ടുന്ന മയോണൈസാണ് പ്രധാന വില്ലൻ. പച്ചമുട്ടയുടെ വെള്ളയും വിനാഗിരിയും എണ്ണയുമൊക്കെ ചേർത്ത് തയ്യാറാക്കുന്ന മയോണൈസ് സ്വാദിഷ്ടമാണെങ്കിലും ഇത് ശരിയായ രീതിയിൽ തയ്യാറാക്കിയില്ലെങ്കിൽ മരണത്തിന് വരെയിടയാക്കുന്ന ബാക്ടീരിയകൾ പെരുകാൻ ഇടയാവുന്നു. ഇതാണ് ഭക്ഷ്യവിഷബാധയ്‌ക്ക് പലപ്പോഴും കാരണമാകുന്നത്.
എന്നാൽ മയോണൈസില്ലാതെ കുഴിമന്തിയൊക്കെ കഴിക്കാനും നമുക്ക് മടിയാണ്. മയോണൈസിനെ തത്ക്കാലത്തേക്ക് മാറ്റി നിർത്താം. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന സോർ ക്രീം തയ്യാറാക്കി നോക്കാം..
ചേരുവകൾ
ഹെവി വിപ്പിംഗ് ക്രീം- ഒരു കപ്പ്
പാൽ- നാല് ടേബിൾ സ്പൂൺ
നാരങ്ങാ നീര്- രണ്ട് ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ജാറിൽ ഒരു കപ്പ് വിപ്പിംഗ് ക്രീം ഒഴിച്ച ശേഷം അതിലേക്ക് പാലും നാരങ്ങാ നീരും ചേർത്ത് നന്നായി ഇളക്കുക. നല്ലൊരു തുണി ഉപയോഗിച്ച് ജാർ കെട്ടി വയ്‌ക്കുക. ഒരു ദിവസം മുഴുവൻ ജാർ ഇങ്ങനെ തന്നെ വയ്‌ക്കാം. ഒരു ദിവസത്തിന് ശേഷം ജാർ തുറന്ന് നോക്കാം. മിശ്രിതം കൊഴുപ്പുള്ള പരുവം എത്തുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇത് ഉപയോഗിക്കാവുന്നതാണ്.