ആലപ്പുഴ: ഗുണ്ടാ നേതാവ് തമ്മനം ഫൈസൽ സിനിമ നടൻ. പുതിയ മമ്മൂട്ടിചിത്രം ടർബോയിലും തമ്മനം ഫൈസൽ അഭിനയിച്ചിട്ടുണ്ട്. അതിന് അഭിനന്ദിക്കാൻ കൂടിയായിരുന്നു ഡിവൈഎസ്‌പി എം.ജി സാബു വീട്ടിലെത്തിയത്. മമ്മൂട്ടിയുടെ സിനിമയിൽ അടക്കം അഭിനയിച്ച സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ഡിവൈഎസ്പി തങ്ങളെ കൊണ്ടുപോയതെന്ന് സാബുവിനൊപ്പമുണ്ടായിരുന്ന പൊലീസുകാർ മൊഴി നൽകി. കൊച്ചിയിൽ ഏറ്റവുമാദ്യം കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ നേതാക്കളിലൊരാളാണ് ജോർജ് എന്ന തമ്മനം ഫൈസൽ.
തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്‌പി എംജി സാബുവും പൊലീസുകാരും എത്തിയത് വിരമിക്കൽ പാർട്ടിക്ക് കൂടിയാണെന്നാണ് സൂചന. ഈ മാസം 31ന് വിരമിക്കുന്ന ഡിവൈഎസ്‌പി 26നാണ് ഗുണ്ടാത്തലവന്റെ അങ്കമാലിയിൽ വസതിയിലെത്തിയത്. ഗൂഢല്ലൂർ അടക്കം തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ രണ്ട് ദിവസം നീണ്ട ആഘോഷങ്ങൾക്ക് ശേഷം മടങ്ങവേയാണ് പൊലീസ് സംഘം ഫൈസലിന്റെ വീട്ടിലെത്തിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് പിന്നാലെയാണ് എം.ജി സാബു സ്ഥലം മാറി ആലപ്പുഴയിലെത്തിയത്. എറണാകുളം റൂറൽ പൊലീസ് പരിധിയിൽ ദീർഘകാലം ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അവിടെ ഗുണ്ടാസംഘങ്ങളുമായി സാബു അടുത്തബന്ധം പുലർത്തിയതായാണ് വിവരം.
അങ്കമാലി പൊലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്‌പിയും സംഘവും കുടുങ്ങിയത്. ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന ‘ഓപ്പറേഷൻ ആഗ്’ പരിശോധനയുടെ ഭാഗമായാണ് പൊലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. എന്നാൽ, ഡിവൈഎസ്‌പിക്കും പൊലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്.