ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന ഹർജി അടിയന്തരമായി കേൾക്കണമെന്ന കെജ്രിവാളിന്റ ആവശ്യം നിരസിച്ച് സുപ്രീംകോടതി. വാദം ഉടൻ കേൾക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് ഹർജി കൈമാറിയ ശേഷം മാത്രമേ വാദം കേൾക്കാൻ സാധിക്കുകയുള്ളൂവെന്നും അവധിക്കാല ബെഞ്ച് അറിയിച്ചു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജാമ്യം 7 ദിവസത്തേക്ക് കൂടി നീട്ടി നൽകണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. എന്നാൽ ഹർജിയിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് ചീഫ് ജസ്റ്റിസാണ് തീരുമാനം എടുക്കേണ്ടതെന്നും ഹർജി തള്ളുന്ന പക്ഷം കെജ്രിവാൾ തിരികെ ജയിലിലേക്ക് തന്നെ മടങ്ങേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, കെവി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കെജ്രിവാൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. തനിക്ക് ഗുരുതമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സ്കാനിംഗ് പോലുള്ള പരിശോധനകൾക്ക് സമയം ആവശ്യമുള്ളതിനാൽ ഒരാഴ്ചത്തേക്ക് കൂടി ജാമ്യം നീട്ടി തരണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ജയിലിൽ വച്ച് കെജ്രിവാൾ ഭാരം കുറയ്ക്കുന്നതിനും പ്രമേഹം പിടിപെടുന്നതിനും വേണ്ടിയുള്ള ഭക്ഷണങ്ങൾ കഴിച്ചിരുന്നുവെന്ന് ഇഡി കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായാണ് ഉപാധികളോടെ കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.