തിരുവനന്തപുരം: കണ്ട്ക്ടർമാർ ബസിലെ യാത്രക്കാരോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ. കെഎസ്ആർടിസി ബസിലെ കണ്ടക്ടർമാർ യാത്രക്കാർ തമ്മിലുള്ള ബന്ധം അറിയേണ്ട ആവശ്യം ഇല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസിയിലെ ഓരോ വിഭാഗങ്ങളിലും വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ വീഡിയോ പരമ്പരയുടെ ആദ്യഭാഗത്തിലായിരുന്നു മന്ത്രിയുടെ നിർദ്ദേശം. കണ്ടക്ടർമാരെക്കുറിച്ചായിരുന്നു ഈ ഭാഗത്ത് പറഞ്ഞത്. ഡ്രൈവർ, മെക്കാനിക്ക്, മിനിസ്റ്റീരിയൽ അങ്ങനെ ബാക്കി ഭാഗങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും.
ബസിൽ കയറുന്ന സഹോദരി സഹോദരന്മാരോട് മര്യാദയുടെ ഭാഷയിൽ പെരുമാറണം. നമ്മുടെ അമ്മയാണ് സഹോദരിയാണ് എന്ന രീതിയിൽ വേണം പെരുമാറേണ്ടത്. അത്തരത്തിലൊരു പെരുമാറ്റം കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും ഉണ്ടാകണം. ബസിൽ കയറി യാത്ര ചെയ്യുന്നവരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കേണ്ട ആവശ്യമില്ല. പല ഉദാഹരണങ്ങൾ കണ്ടിട്ടുള്ളതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.
കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടർമാരുടെ നടപടികൾ തെറ്റാണെന്നാണ് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച് യാത്രചെയ്യാനുള്ള അനുവാദം ഇന്ത്യയിലുണ്ട്. യാത്രക്കാർ കെഎസ്ആർടിസി ബസിൽ കയറണം എന്നുമാത്രമാണ് നുമുക്കുള്ളത്. അവർ തമ്മിലുള്ള ബന്ധം അറിയേണ്ട ആവശ്യം ജീവനക്കാർക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മദ്യപിച്ചുകൊണ്ട് ജീവനക്കാർ ജോലിക്ക് വരേണ്ട ആവശ്യമില്ല. മദ്യപിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല. പത്തു മണിക്ക് ശേഷമുള്ള ദീർഘദൂര യാത്രയിൽ യാത്രക്കാർ പറയുന്ന സ്ഥലത്ത് നിർത്തി കൊടുക്കുന്നവരാകണം ജീവനക്കാർ. ഇതെല്ലാം നമ്മുടെ പെരുമാറ്റത്തിന്റെ ഭാഗമാണ്. അതുപോലെ, കൃത്യസമയത്ത് ബസ് പുറപ്പെടുകയും ചെയ്യണമെന്ന് മന്ത്രി പറയുന്നുണ്ട്.
കെഎസ്ആർടിസിയെ സംബന്ധിച്ച ജീവനക്കാർ യജമാനന്മാരാണ്. കെഎസ്ആർടിസി ജീവനക്കാർ സ്നേഹത്തോടെ പെരുമാറിയാൽ ഒരു ആറുമാസം കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് കെഎസ്ആർടിസിയെ മുന്നോട്ട് കൊണ്ടപോകാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്ആർടിസി സേവനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരെ ഉപദേശിച്ചുകൊണ്ടും യാത്രക്കാരുടെ പരാതികൾ പങ്കുവച്ചുകൊണ്ടുള്ള മന്ത്രിയുടെ പരമ്പരയുടെ ഭാഗമായാണ് ഈ നിർദ്ദേശങ്ങൾ.