തിരുവനന്തപുരം: മുളക് തീറ്റിപ്പിച്ചതിന്റെ എരിവ് നാവിൽ നിന്ന് വിട്ടുമാറിയിട്ടില്ല, ഫാനിൽ കെട്ടിത്തൂക്കിയതിന്റെ ഭയം ഇപ്പോഴും ആ ഏഴുവയസുകാരന്റെ കണ്ണിൽ നിഴലിച്ചിരുന്നു. ചിരിച്ചതിന് മർദ്ദനവും പൊള്ളിക്കലും. എന്നാൽ ഇനി അവന് സമാധനമായി പുഞ്ചിരിക്കാം. വാത്സല്യം പേറുന്ന സ്വന്തം പിതാവിന്റെ കൈകൾ പിടിച്ച് ഏഴു വയസുകാരൻ വീട്ടിലേക്ക്..
രണ്ടാനച്ഛന്റെ ക്രൂര പീഡനങ്ങൾ അനുഭവിച്ച ഏഴ് വയസുകാരനെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സ്വന്തം പിതാവിന് വിട്ടു നൽകി. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന പാടുകൾ ബന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് നേരിട്ട പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിഞ്ഞത്.
നിസാര കാര്യങ്ങൾക്ക് പോലും രണ്ടാനച്ഛൻ മർദ്ദിക്കുമെന്നും ഫാനിൽ കെട്ടിതൂക്കിയെന്നും കുട്ടി പറഞ്ഞു. മുളക് തീറ്റിപ്പിച്ചു, പൊള്ളിപ്പിച്ചു ഇതിനെല്ലാം മാതാവും കൂട്ടു നിന്നുവെന്നും കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് രണ്ടാനച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്ത് കുട്ടിയെ ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചു.
വിവരങ്ങൾ അറിഞ്ഞ പിതാവ് കുട്ടിയെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് കളക്ടറുടെ അനുമതിക്കായി അപേക്ഷിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഏഴ് വയസുകാരനെ പിതാവിനൊപ്പം അയക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.