തിരുവനന്തപുരം: ബാറിൽ ബഹളം വച്ചത് ചോദ്യം ചെയ്തതിന്റെ പ്രകോപനത്തിൽ ലഹരിസംഘം ഷെഫിനെ കുത്തി പരിക്കേൽപ്പിച്ചു. ഷെഫ് ഷിബുവിനെയാണ് ലഹരി സംഘം ആക്രമിച്ചത്. വിഴിഞ്ഞം മുക്കോലയിലെ ബാറിലെത്തിയ ലഹരി സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് സംഭവം. ലഹരി സംഘം ബാറിലെത്തി മദ്യപിച്ച ശേഷം ബഹളം വയ്‌ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ഷിബുവിനെ ലഹരി സംഘം മർദ്ദിക്കുകയും കയ്യിലും മുഖത്തും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ലഹരി സംഘത്തിലെ ഒരാളായ ചൊവ്വര സ്വദേശി ദിനേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സംഘത്തിലെ മറ്റ് ആളുകളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.