ന്യൂഡൽഹി: ഭൂചലനത്തിലും തുടർന്നുണ്ടായ മണ്ണിടിച്ചിലിലും 2000ൽ അധികം ആളുകളുടെ ജീവൻ നഷ്‌ടമായ പാപ്പുവ ന്യൂ ഗിനിയയ്‌ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ഒരു മില്യൺ ഡോളറിന്റെ അടിയന്തര ദുരിതാശ്വാസ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഖവും രേഖപ്പെടുത്തി.
“പാപ്പുവ ന്യൂ ഗിനിയയിലെ അതിശക്തമായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായവർക്കും ഉണ്ടായ നാശനഷ്ടങ്ങളിലും അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ദുരന്ത ബാധിതരായ കുടുംബങ്ങൾക്ക് ഞങ്ങളുടെ അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,” പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇന്ത്യ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു അടുത്ത സുഹൃത്തെന്ന നിലയിൽ ഇന്ത്യ പുനരധിവാസത്തിനും നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി പാപ്പുവ ന്യൂ ഗിനിയക്ക് 1 മില്യൺ ഡോളറിന്റെ അടിയന്തര സഹായം നൽകുമെന്ന് കേന്ദ്രത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം പാപ്പുവ ന്യൂ ഗിനിയയിലെ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുകയാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ പിടിച്ചുലച്ച മണ്ണിടിച്ചിലുണ്ടായത്. തലസ്ഥാനമായ പോർട്ട് മൊറെസ്ബിയിൽ നിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞറായി എങ്കാ പ്രവിശ്യയിലെ മംഗലോ പർവതത്തിന്റെ സിംഹഭാഗമാണ് ഇടിഞ്ഞുവീണത്. മണ്ണിടിച്ചിൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.