കലാസൃഷ്ടിയിൽ മതങ്ങൾ ഇടപെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സംവിധായകൻ കമാലുദ്ദീൻ. നിർമ്മാല്യം സിനിമയിൽ വിഗ്രഹത്തിന്റെ മുഖത്ത് തുപ്പുമ്പോൾ അതിനെ അംഗീകരിക്കാൻ മലയാളികൾക്ക് കഴിഞ്ഞുവെന്നും സംവിധായകൻ വാദിക്കുന്നു. കേരള സ്റ്റോറി പോലുള്ള സിനിമകളെ മലയാളികൾ എതിർക്കുമെന്നും അത്തരം സിനിമകൾ വിമർശിക്കപ്പെടണമെന്നും കമാലുദ്ദീൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“എംടിയുടെ നിർമാല്യത്തിൽ വിഗ്രഹത്തിന്റെ മുഖത്ത് തുപ്പുമ്പോൾ ആ കഥാപാത്രമാണ് ചെയ്യുന്നതെന്ന് തിരിച്ചറിയാൻ കഴിയുന്ന മനസ്സുള്ള മലയാളി സമൂഹം ഇവിടെ ഉണ്ടായിരുന്നു. ഇന്നാണെങ്കിൽ ആ കഥാപാത്രം ചെയ്ത ആളുടെ ജാതി ഏതാണെന്ന് നോക്കും. അദ്ദേഹത്തെ ആക്രമിച്ചേക്കാം. അതിൽ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കാതൽ എന്ന സിനിമ”.
“കാതൽ എന്ന സിനിമയിൽ ആ സംവിധായകൻ ഒന്നും ഒളിച്ചു കടത്താൻ ശ്രമിച്ചിട്ടില്ല. ഇപ്പോൾ പറയേണ്ട ഒരു വിഷയം അദ്ദേഹം പ്രസക്തമായി പറഞ്ഞു. ആ വിഷയം പറഞ്ഞപ്പോൾ എന്താണ് ഉണ്ടായത്. അതിൽ അഭിനയിച്ച മമ്മൂട്ടിയുടെ മതം നോക്കുന്നു, അതിനെ കുറ്റം പറയുന്നു. സംവിധായകന് വിലക്ക് ഏർപ്പെടുത്തുന്നു. മതങ്ങൾ കലാസൃഷ്ടിയിൽ ഇടപെടുകയാണ്. മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് തന്നെ വലിയ പ്രശ്നമാണ്. അത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതുമാണ്”.
“കലയിൽ മതങ്ങൾ ഇടപെടുന്നത് അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല. അതിനെ നമ്മൾ വിമർശിക്കുക തന്നെ ചെയ്യും. അതുകൊണ്ടാണ് കേരള സ്റ്റോറിയെ അംഗീകരിക്കാത്തത്. എന്തിന്റെ പേരിൽ അതുണ്ടെന്ന് പറഞ്ഞാലും കേരളം പോലുള്ള ഒരു സ്ഥലത്ത് അത് അംഗീകരിക്കാൻ പറ്റില്ല. അതുപോലെ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന എന്തിനെയും വിമർശിക്കണം”-കമാലുദ്ദീൻ പറഞ്ഞു.