ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് നഗരസഭയിലെ 21-ാം വാര്‍ഡ് കടപ്പുറം ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡ് എന്നിവയില്‍ താമസിക്കുന്ന 8 കുടുംബങ്ങള്‍ നാഷണല്‍ ഹൈവേ- 66 നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.
പ്രായമുള്ളവരും രോഗികളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന കുടുംബത്തിന് ജോലിക്ക് പോകാനോ വിദ്യാലയത്തില്‍ പോകാനോ ആശുപത്രിയില്‍ പോകാനോ സാധിക്കാത്ത അവസ്ഥയിലാണ്. മഴ പെയ്തതോടെ മുറ്റവും വഴിയും പൂര്‍ണ്ണമായും ചെളി നിറഞ്ഞതിനാല്‍ ഇവര്‍ ദുരിതത്തിലാണെന്നും സ്ക്കൂള് തുറക്കുന്നതോടെ കുട്ടികളുടെ പഠനം തടസ്സപ്പെടുമെന്നും കാണിച്ച് കേരള മുഖ്യമന്ത്രിക്ക് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ കത്ത് നല്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസുമായി സംസാരിച്ചതില്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് എം എൽ എ അറിയിച്ചു.