ലക്നൗ: തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ ആറ് വയസുകാരി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇറച്ചി കടകൾക്കെതിരെ ബുൾഡോസർ നടപടിയുമായി കാൺപൂർ ഭരണകൂടം. പ്രദേശവാസികളുടെ ആവശ്യപ്രകാരമാണ് നടപടി. തെരുവ് നായ്‌ക്കൾ അക്രമാസക്തരാകുന്നത് ഇത്തരം കടകൾ മൂലമാണെന്ന് മേയർ പ്രമീള പറഞ്ഞു.
കൃത്യമായ രീതിയിൽ മാലിന്യസംസ്കരണം നടത്താത്ത 44 കടകൾക്കാണ് നോട്ടീസ് നൽകിയത്. ഇറച്ചി കടകളിൽ നിന്നുളള അവശിഷ്ടങ്ങൾ ഭക്ഷിക്കുന്ന നായ്‌ക്കൾ കൂടുതൽ ആക്രമണകാരികളാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ റിപ്പോർട്ടിൽ പറയുന്നു.
നടപടിക്കെതിരെ കടയുടമകൾ രംഗത്ത് വന്നു. എന്നാൽ തീരുമാനവുമായി അധികൃതർ മുന്നോട്ട് പോയി.
സഹോദരനുമായി രാത്രി വീട്ടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോയാണ് ഒരു കൂട്ടം തെരുവ് നായ്‌ക്കൾ ആറ് വയസുകാരിയെ കടിച്ചുകീറിയത്. കുട്ടികളുടെ മാതാപിതാക്കൾ ജോലിക്ക് പോയതായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായ്‌ക്കളെ ഓടിച്ചത്. തുടർന്ന് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു. സഹോദരൻ ചികിത്സയിൽ കഴിയുകയാണ്.