ലക്‌നൗ: കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതോടെ രാഹുൽ തന്റെ അവധിക്കാലം ആഘോഷിക്കാൻ വിദേശ യാത്രകൾക്ക് തയ്യാറാവേണ്ടി വരുമെന്നും അഖിലേഷ് യാദവ് പാട്ടുകൾ പാടാൻ പോവേണ്ടി വരുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. വാരാണസിയിൽ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” ആറാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായിരിക്കുകയാണ്. ഇനി മുന്നിലുള്ളത് കേവലം ഒരു ഘട്ടം കൂടി. ഏഴാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ 400 സീറ്റുകൾ എന്ന ബിജെപിയുടെ ലക്ഷ്യം കൈവരിക്കും. ജൂൺ നാലിന് ഫലപ്രഖ്യാപനത്തോടെ ആ സ്വപ്‌നം പൂവണിയും.”- ഗിരിരാജ് സിംഗ് പറഞ്ഞു.
വീണ്ടും പരാജയത്തിന്റെ കയ്പ്പറിയുന്നതോടെ രാഹുൽ തന്റെ അവധിക്കാലം ആഘോഷിക്കാനായി വിദേശത്തേക്കും, അഖിലേഷ് പാട്ടുകൾ പാടി നടക്കേണ്ടി വരുമെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേർത്തു. വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്നത്. ആരൊക്കെ അദ്ദേഹത്തിന്റെ എതിരാളികളായി എത്തിയാലും പ്രധാനമന്ത്രിയായി മോദി വരുമെന്നത് കാശിനാഥന്റെ തീരുമാനമാണ്.
മോദി സർക്കാർ വികസന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. കോൺഗ്രസിന്റെ ഭരണകാലത്ത് എന്ത് വികസനമാണ് രാജ്യത്തുണ്ടായതെന്നും ഗിരിരാജ് വിമർശിച്ചു. പ്രധാനമന്ത്രി നടപ്പിലാക്കിയ പദ്ധതികളും വികസന പ്രവർത്തനങ്ങളുമാണ് രാജ്യത്ത് ചർച്ചയാവുന്നത്. ജനങ്ങൾ രാജ്യത്തിന്റെ വികസനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കാലഹരണപ്പെട്ട ചിന്താഗതികളെ അവർ അകറ്റി നിർത്തുമെന്നും ഗിരിരാജ് സിംഗ് തുറന്നടിച്ചു.