ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. 2020 സെപ്റ്റംബറിലാണ് യുഎപിഎ പ്രകാരം ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് യുഎപിഎ ചുമത്തിയത്. അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഡൽഹി പോലീസിന്റെ കുറ്റപത്രത്തിൽ തനിക്കെതിരെ തീവ്രവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്ലെന്നായിരുന്നു ഉമർ ഖാലിദിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഖാലിദിന് ജാമ്യം നൽകരുതെന്ന് ഡൽഹി പൊലീസിന് വേണ്ടി ഹാജരായ പ്രത്യേക പ്രോസിക്യൂട്ടർ വാദിച്ചു. ഡൽഹി പൊലീസിനെതിരെ ക്യാമ്പയിൻ നടത്താൻ ഖാലിദ് അഭിനേതാക്കളോടക്കം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇതെല്ലാം കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 24നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ കലാപം നടത്തിയത്. കലാപത്തിൽ 53പേർ കൊല്ലപ്പെടുകയും 200 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ 2020 സെപ്റ്റംബർ 13നാണ് ഉമർ ഖാലിദ് അറസ്റ്റിലാകുന്നത്.