ഡെറാഡൂൺ : ചാർധാം യാത്രയിലെ അനിയന്ത്രിത തിരക്ക് കണക്കിലെടുത്ത് കൂടുതൽ സുരക്ഷാ നടപടികളുമായി ഉത്തരാഖണ്ഡ് സർക്കാർ. ഗതാഗതസൗകര്യം, ആരോഗ്യ നടപടികൾ, ശുചിത്വം എന്നിവയിലാണ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്. തീർത്ഥാടകർ വർദ്ധിച്ചതോടെ ചാർധാം റൂട്ടിൽ വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത് ധാം പാതകളിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഗംഗോത്രി-യമുനോത്രി പാതയിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സുരക്ഷാ സജ്ജീകരണങ്ങളും മെഡിക്കൽ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടാകാനുള്ള സാധ്യതകൾ കണക്കിലെടുത്ത് പ്രദേശത്ത് എല്ലാ മുന്നൊരുക്കങ്ങളും തയ്യാറാക്കിയതായി അധികൃതർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ഇനിയും വിന്യസിക്കും. തിരക്ക് കുറയ്ക്കാനായി ഹെലികോപ്റ്റർ സേവനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ ധാം പാതകളിലും കർശന പരിശോധനകളാണ് നടക്കുന്നത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ധാം പാതകളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും നടത്തുന്നുണ്ട്. തീർത്ഥാടകർക്ക് അടിയന്തര ചികിത്സാ സഹായം ഉറപ്പാക്കാൻ മെഡിക്കൽ ക്യാമ്പുകളും ആംബുലൻസുകളും സജ്ജമാണ്. രണ്ട് ലക്ഷത്തോളം തീർത്ഥാടകരാണ് ഇതുവരെ ചാർധാം യാത്രയിൽ പങ്കെടുത്തത്.