കോട്ടയം: ശക്തമായ മഴയെ തുടർന്ന് കോട്ടയത്ത് ഉരുൾപ്പൊട്ടൽ. ഭരണങ്ങാനത്തെ ഇടമുറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപ്പൊട്ടലുണ്ടായത്. ഏഴ് വീടുകൾ പൂർണമായി തകർന്നു. ഉരുൾപ്പൊട്ടലിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
കോട്ടയം ജില്ലയിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലനാട് പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകൾ തകർന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ടയിലെ റോഡുകളിൽ വെള്ളക്കെട്ടുണ്ടായി.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. അപകട സാധ്യതയുള്ള പ്രദേശത്ത് നിന്നും നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. അതിതീവ്ര മഴ തുടരുന്ന കോട്ടയത്തും എറണാകുളത്തും റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ്.