തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് വർക്കല ക്ലിഫ് ഇടിഞ്ഞു. ക്ലിഫിന് സമീപത്തെ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും അധികൃതർ ഒഴിപ്പിക്കുകയാണ്. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത്. ഇതിന്റെ ഭാഗമായി ക്ലിഫിന് സമീപത്തെ ഗതാഗതം നിരോധിച്ചു.
അതേസമയം, ശക്തമായ മഴയിൽ വർക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിൻഭാഗത്തെ കുന്നിടിഞ്ഞു. ബലി മണ്ഡപത്തിന്റെ പിൻഭാഗത്തും മുന്നിലുമായാണ് കുന്ന് ഇടിഞ്ഞു വീണത്. കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് വലിയ കല്ലുകൾ വഴിയിലേക്ക് പതിച്ചു. ആളപായമില്ല. അപകട സാധ്യത കണക്കിലെടുത്ത് ബലിതർപ്പണം താത്കാലികമായി നിർത്തിവയ്‌ക്കാൻ ദേവസ്വം ബോർഡ് അധികൃതർ തയ്യാറായിട്ടില്ല. ഇതേതുടർന്ന് നാട്ടുകാരും, ദേവസ്വം ബോർഡ് അധികൃതരും തമ്മിൽ തർക്കമുണ്ടായി.
കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് യെല്ലോ അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന്് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴയ്‌ക്ക് സാധ്യത.