ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും പരാജയം ഏറ്റുവാങ്ങാനൊരുങ്ങുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് പരാജയപ്പെടുമ്പോൾ സഹോദരങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും പൂർണ ഉത്തരവാദിത്വം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഏറ്റെടുക്കേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. കുശി നഗറിൽ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് രാജ്യം തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. ജൂൺ ഒന്നിന് ഏഴാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ എൻഡിഎ സർക്കാർ 400 സീറ്റുകൾ സ്വന്തമാക്കും. കോൺഗ്രസ് പരാജയപ്പെടുമ്പോൾ രാഹുലും സഹോദരിയും ഉത്തരവാദിത്വം മുഴുവൻ ഖാർഗെയ്‌ക്ക് മുകളിൽ ചുമത്തി രക്ഷപ്പെടും. അഴിമതി നടത്തുന്ന നേതാക്കളെ ജനങ്ങൾക്ക് ആവശ്യമില്ല.”- അമിത് ഷാ പറഞ്ഞു.
ദരിദ്ര്യ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന് ദാരിദ്ര്യം എന്താണെന്ന് അറിയാം. ദിവസവും അഭിമുഖീകരിക്കുന്ന ദാരിദ്ര്യ പ്രശ്‌നങ്ങൾ വായിൽ സ്പൂൺ വച്ചാൽ അറിയില്ല. അതിന് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കണമെന്നും അത് മോദിക്ക് സാധിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കിഴക്കൻ ഉത്തർപ്രദേശിലെ പ്രശ്‌നങ്ങൾക്ക് രാഹുലും അഖിലേഷ് യാദവും പരിഹാരം കാണുമോയെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ 10 വർഷം പ്രധാനമന്ത്രി രാജ്യം ഭരിച്ചു. എന്നാൽ അഴിമതി രഹിത ഭരണമാണ് അദ്ദേഹം കാഴ്ച വച്ചത്. ജനങ്ങളെ വഞ്ചിച്ച് അവരുടെ സ്വത്തുക്കൾ കവരാൻ കേന്ദ്രസർക്കാർ ശ്രമിച്ചിട്ടില്ലെന്നും ഷാ പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കുന്ന സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ഓരോ ഉത്സവങ്ങളും ആഘോഷിക്കുന്നത്. അദ്ദേഹം ഭീകരവാദം അവസാനിപ്പിച്ചു, മുത്തലാഖ് അവസാനിപ്പിച്ച് മുസ്ലീം സ്ത്രീകൾക്ക് സുരക്ഷ നൽകി, ശ്രീരാമ ചന്ദ്രനെ തിരികെ അയോദ്ധ്യയിലെത്തിച്ചു, സിഎഎ നടപ്പിലാക്കി. രാജ്യത്തിന്റെ വികസനവും സുരക്ഷയുമാണ് പ്രധാനമന്ത്രി ലക്ഷ്യം വയ്‌ക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.