എറണാകുളം : മൂന്നാറിലെ ഭൂമി കയ്യേറ്റ കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാരിന് കേസിൽ അലംഭാവമാണെന്നും ഇങ്ങനെയാണെങ്കിൽ കേസന്വേഷണം സിബിഐയെ ഏൽപ്പിക്കേണ്ടിവരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ലെന്നും കേസിൽ പ്രതി ചേർക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മൂന്നാർ ഭൂമി കേസുകൾ പരിഗണിക്കുന്ന ബെഞ്ചാണ് വിമർശിച്ചത്.
കോടതി ആവർത്തിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയുടെ രൂക്ഷ വിമർശനം.
മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ മോണിറ്ററിംഗ് കമ്മിറ്റിയോട് ഹൈക്കാേടതി നിർദേശിച്ചു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.