ന്യൂഡൽഹി : ബംഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളെ ഉൾപ്പെടുത്തി കിഴക്കൻ തിമോർ പോലൊയൊരു രാജ്യം രൂപീകരിക്കണമെന്ന ഗൂഡാലോചനകൾ നടക്കുന്നുണ്ടെന്നും അത് അനുവദിക്കില്ലെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഈ മാസം 26-ന് ഗോനോ ഭാബാനിൽ നടന്ന യോഗത്തിനിടെയാണ് ഷെയ്ഖ് ഹസീന ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം ഷെയ്ഖ് ഹസീനയും പാർട്ടി പ്രവർത്തകരുമായി നടന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ബംഗ്ലാദേശിൽ ഒരു വിദേശരാജ്യത്തിന് വേണ്ടി വിമാനത്താവളം നിർമിക്കാൻ അനുവദിച്ചാൽ ജനുവരി ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ യാതൊരു തടസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് ഒരു രാജ്യം വാഗ്ദാനം ചെയ്തതായി ഷെയ്ഖ് ഹസീന പറഞ്ഞു. എന്നാൽ ആ രാജ്യത്തിന്റെ പേര് അവർ വെളിപ്പെടുത്തിയില്ല. എന്നാൽ വെള്ളക്കാരനിൽ (white man) നിന്നാണ് ഇത്തരമൊരു വാഗ്ദാനം ലഭിച്ചതെന്ന് അവർ വ്യക്തമാക്കിയിരുന്നു.
കിഴക്കൻ തിമോർ പോലെ ബംഗ്ലാദേശിന്റെയും മ്യാൻമറിന്റെയും ഭാഗങ്ങൾ പിടിച്ച് ഒരു ക്രിസ്ത്യൻ രാജ്യം ഉണ്ടാക്കും. പ്രാചീന കാലം മുതൽ കടൽത്തീരത്തിലൂടെയും ഇന്ത്യൻ മഹാസമുദ്രത്തിലൂടെയും കച്ചവടങ്ങൾ നടക്കുന്നുണ്ട്. അതിനാൽ പല രാജ്യങ്ങൾക്കും ഇവിടേക്ക് നോട്ടമുണ്ട്.
രാജ്യത്തിനകത്തും പുറത്തുമായി വെല്ലുവിളികൾ നേരിടുന്നു. തിരഞ്ഞെടുപ്പ് തടയാൻ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ഗൂഡാലോചനകൾ നടത്തിയതായും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഒരു ഗൂഡാലോചനകളും തങ്ങളെ ബാധിക്കുന്നില്ലെന്നും ഒരു രാജ്യത്തിന്റെയും സമ്മർദ്ദങ്ങളിൽ വഴങ്ങില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.