ഗാസിപൂർ : രാജ്യത്തിന്റെ വികനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സർക്കാരാണ് കേന്ദ്രത്തിൽ അധികാരത്തിൽ ഉള്ളതെന്നും, അവർ തന്നെ വീണ്ടും അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഹമ്മദാബാദിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” മാഫിയകളേയും ഗുണ്ടാസംഘങ്ങളേയും സംരക്ഷിക്കുന്ന നിലപാടാണ് മുൻപ് സംസ്ഥാനം ഭരിച്ചിരുന്ന എസ്പി സർക്കാരിന് ഉണ്ടായിരുന്നത്. അന്ന് കേന്ദ്രം ഭരിച്ചത് കോൺഗ്രസും. സംസ്ഥാനത്ത് എല്ലായിടത്തും ഗുണ്ടാസംഘങ്ങളുടെ വിളയാട്ടമായിരുന്നു. പിന്നാക്ക വിഭാഗത്തിലുള്ളവരെ തള്ളിപ്പറഞ്ഞുകൊണ്ടാണ് എസ്പി സർക്കാർ ഗുണ്ടകൾക്ക് വേണ്ടി നിലകൊണ്ടത്. സമാജ്‌വാദി പാർട്ടി ഭരിച്ചിരുന്ന സമയത്ത് ദരിദ്രജനവിഭാഗങ്ങൾക്കുള്ള റേഷൻ മാഫിയകളാണ് ഉപയോഗിച്ച് വന്നിരുന്നത്. ഭരണനേതൃത്വം ഇത്തരം കൊള്ളകളെ ചോദ്യം ചെയ്തില്ല.
എന്നാലിന്ന് സംസ്ഥാനം വികസനത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നു. സമാധാനമെന്തെന്ന് അവർ മനസിലാക്കുന്നു. അടിസ്ഥാനസൗകര്യ മേഖലയിലും വലിയ വികസനങ്ങൾ സാധ്യമായി. ഇത് തുടരണമെന്ന് സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെ മുഴുവൻ ജനങ്ങളും ആഗ്രഹിക്കുന്നു. 400 സീറ്റുകളോടെ മോദി സർക്കാർ അധികാരത്തിൽ വരണമെന്ന മുദ്രാവാക്യമാണ് രാജ്യത്തെങ്ങും കേൾക്കാനുള്ളത്.
കഴിവുള്ള വ്യക്തികൾ തിരഞ്ഞെടുക്കപ്പോഴാണ് വികസനം സാധ്യമാകുന്നത്. താലിബാൻ ഭരണം നടപ്പിലാക്കാനാണ് ഇപ്പോൾ കോൺഗ്രസിന്റെ ശ്രമം. എന്നാൽ ഇന്ത്യയെ ശരിഅത്ത് നിയമപ്രകാരം ഭരിക്കാനോ താലിബാൻ ഭരണം കൊണ്ടുവരാനോ അനുവദിക്കില്ല. അധികാരത്തിലെത്തിയാൽ പൂർവ്വികരുടെ സ്വത്ത് ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള നീക്കങ്ങളാകും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. രാജ്യത്തെ നുഴഞ്ഞുകയറ്റുക്കാർക്ക് ഈ സ്വത്ത് കൈമാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.
ആഗോള തലത്തിൽ ഇന്ന് ഇന്ത്യയുടെ സ്ഥാനം വളരെ മുകളിലാണ്. ലോകരാജ്യങ്ങൾ ബഹുമാനത്തോടെയാണ് ഇന്ത്യയെ നോക്കിക്കാണുന്നത്. നമ്മുടെ അതിർത്തികൾ ഇന്ന് സുരക്ഷിതമാണ്. തീവ്രവാദവും കമ്യൂണിസ്റ്റ് ഭീകരവാദവുമെല്ലാം തുടച്ചുനീക്കപ്പെട്ടു. അതിർത്തിക്ക് സമീപം ഒരു പടക്കം പൊട്ടിയാൽ പോലും വിശദീകരണം നൽകാൻ പാകിസ്താൻ നിർബന്ധിതരായിരിക്കുകയാണ്. കാരണം ഇത് പുതിയ ഇന്ത്യയാണെന്ന് അവർ മനസിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രകോപിപ്പിച്ചുകൊണ്ടുള്ള ഒരു നീക്കവും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും” യോഗി ആദിത്യനാഥ് പറയുന്നു.