ചെന്നൈ : ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അനുയായികൾ ഭീകരരാണെന്ന പ്രസ്താവനയുമായി വിടുതലൈ ചിരുതൈകൽ കക്ഷി തലവനും , ലോക്സഭാ എം പിയുമായ തൊൽ തിരുമാവളവൻ . ചെന്നൈയിൽ നടന്ന ‘വിസികെ അവാർഡ് 2024’ അവതരണത്തിനിടെയാണ് തിരുമാവളവന്റെ വിവാദ പ്രസ്താവന .
ബിജെപിയുടെയും ആർ എസ് എസിലെയും അംഗങ്ങൾ സനാതന ഭീകരർ ആണെന്നും തൊൽ തിരുമാവളവൻ പ്രസ്താവിച്ചു .ആയുധധാരികളായ കമ്യൂണിസ്റ്റ് ഭീകരർക്ക് കാട്ടിൽ ഒളിക്കേണ്ടിവരുമ്പോൾ സനാതന ഭീകരർ ആയുധങ്ങളുമായി സ്വതന്ത്രമായി സഞ്ചരിക്കുകയാണെന്നും തൊൽ തിരുമാവളവൻ പറഞ്ഞു.
“സനാതന ഭീകരർ ഏത് നിലപാടും സ്വീകരിക്കും. അവർ എന്ത് തീരുമാനവും എടുക്കും. എം.എൽ. പ്രസ്ഥാനത്തിൽപ്പെട്ടവർ ആയുധങ്ങൾ കൈവശം വയ്‌ക്കുന്നു, വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്നു, രഹസ്യജീവിതം നയിക്കുന്നു. സനാതന ഭീകരർ ഞങ്ങളുടെ വീടുകൾക്കുള്ളിൽ ആയുധങ്ങളുമായി കറങ്ങുകയാണ്, ”തിരുമാവളവൻ പറഞ്ഞു.
‘ അവർ എവിടെയും ഓടി ഒളിക്കുകയല്ല, രഹസ്യ ജീവിതം നയിക്കുകയുമില്ല. കമ്യൂണിസ്റ്റ് ഭീകരർ ആന്ധ്രാ വനങ്ങളിൽ ഒളിച്ചിരിക്കുന്നത് പോലെ അവർ ഒളിക്കാറില്ല. അവർ വേദിയിലാണ്, മന്ത്രിമാർക്കൊപ്പം. അവർ ആയുധങ്ങളുമായി ചുറ്റിനടക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ പ്രകാശ് രാജിനെപ്പോലുള്ളവർ സംരക്ഷിക്കപ്പെടണം, അതാണ് എന്റെ ആശങ്ക. അവാർഡിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞാലും, അദ്ദേഹത്തെ ആശംസിക്കാനും പ്രോത്സാഹിപ്പിക്കാനും ഞാൻ ആഗ്രഹിച്ചു. അദ്ദേഹത്തോട് ജാഗ്രത പാലിക്കണമെന്ന് പറയാൻ ഞാൻ ആഗ്രഹിച്ചു, അതുകൊണ്ടാണ് ഞാൻ ഈ മുൻകൈ എടുത്തത് “ എന്ന് പറഞ്ഞ് തൊൽ തിരുമാവളവൻ തന്റെ പേരിലുള്ള അവാർഡും പ്രകാശ് രാജിനാണ് നൽകിയത് .
ഗൗരി ലങ്കേഷ്, കൽബുർഗി, നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ തുടങ്ങിയ പ്രമുഖരുടെ കൊലപാതകങ്ങളെ പരാമർശിച്ച തിരുമാവളവൻ, ഈ പ്രവൃത്തികൾ ചെയ്തത് ‘സനാതന ഭീകരർ’ ആണെന്നും പറഞ്ഞു. തിരുമാവളവന്റെ പരാമർശങ്ങൾ നിശിതമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട് . ഈ പരാമർശങ്ങൾ പ്രകോപനപരവും ഭിന്നിപ്പിക്കുന്നതുമാണെന്നും വിമർശനമുണ്ട് .വിദ്വേഷവും സാമുദായിക വിദ്വേഷവും ഉളവാക്കുന്ന പ്രസ്താവന നടത്തിയ തിരുമാവളവനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കക്ഷികൾ രംഗത്ത് വന്നു.