ന്യൂഡൽഹി: ആം ആദ്മി എംപി സ്വാതി മാലിവാളിന്റെ മർദ്ദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡൽഹി തീസ് ഹസാരി കോടതിയാണ് ബൈഭവിന്റെ ജാമ്യാപേക്ഷ തള്ളിയത്. മെയ് 13 ന് കെജ്‌രിവാളിന്റെ വസതിയിൽ വച്ച് മാലിവാളിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ബൈഭവിനെ മെയ് 24 ന് നാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ കാണാൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ കാത്തുനില്കുമ്പോൾ ബൈഭവ് ഒരു പ്രകോപനവുമില്ലാതെ തനിക്ക് നേരെ അസഭ്യ വർഷം നടത്തുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് മാലിവാൾ കോടതിയിൽ പറഞ്ഞു. മരണകാരണമായേക്കാവുന്ന ക്രൂരമായ ആക്രമണത്തിനാണ് സ്വാതി മാലിവാൾ ഇരയായതെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലും പ്രസ്താവിച്ചിരുന്നു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും പൊലീസ് കോടതിയിൽ പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുൻപ് ഫോർമാറ്റ് ചെയ്യപ്പെട്ടുവെന്ന് ആരോപിക്കുന്ന ബൈഭവ് കുമാറിന്റെ ഫോണിലെ തെളിവുകൾ വീണ്ടെടുക്കാൻ ഡൽഹി പൊലീസ് കഴിഞ്ഞ ആഴ്ച ഇയാളെ മുംബൈയിലേക്ക് കൊണ്ടുപോയിരുന്നു. മുംബൈയിലെ ചില വ്യക്തികൾക്ക് വിവരങ്ങൾ കൈമാറിയ ശേഷം ബൈഭവ് ഫോൺ ഫോർമാറ്റ് ചെയ്തതായി പൊലീസ് സംശയിക്കുന്നു. ഇയാളുടെ ഫോണുകളും ലാപ്ടോപ്പുകളും കെജ്‌രിവാളിന്റെ വീട്ടിലെ സിസി ടിവി റെക്കോർഡിങ്ങുകളും ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.