സോൾ: ജൂൺ നാലിന് സൈനിക ചാര ഉപഗ്രഹം വിക്ഷേപിക്കുമെന്ന വിവരം ജപ്പാന് കൈമാറി ഉത്തരകൊറിയ. കോസ്റ്റ് ഗാർഡിനെ ഉദ്ധരിച്ച് ജാപ്പനീസ് മാദ്ധ്യമങ്ങളാണ് കഴിഞ്ഞ ദിവസം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശത്രുരാജ്യങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി സൈനിക ചാര ഉപഗ്രഹം ജൂണിൽ വിക്ഷേപിക്കുമെന്ന് ഉത്തര കൊറിയ നേരത്തെ അറിയിച്ചിരുന്നു. ഉത്തര കൊറിയയിലെ ടോങ്ചാങ് റി കൗണ്ടിയിൽ നിന്നാകും ഉപഗ്രഹ വിക്ഷേപണമെന്നാണ് സൂചന. കഴിഞ്ഞ വർഷം മൂന്ന് ഉപഗ്രഹങ്ങളാണ് ഇവിടെ നിന്ന് വിക്ഷേപിച്ചത്. ഇതിൽ ഒരെണ്ണം മാത്രമാണ് വിജയിച്ചത്.
ഉപഗ്രഹ വിക്ഷേപണത്തിന്റെ അവസാനവട്ട ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ജാപ്പനീസ് കോസ്റ്റ് ഗാർഡ് പറയുന്നു. ഈ മാസം 31നും ജൂൺ 11നും ഇടയിൽ ഉപഗ്രഹം വിക്ഷേപിക്കുമെന്നാണ് ജപ്പാൻ കോസ്റ്റ് ഗാർഡിനെ ഉത്തര കൊറിയ അറിയിച്ചത്. നിലവിൽ ജൂൺ 4 ആണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഉപഗ്രഹത്തെ വഹിക്കുന്ന റോക്കറ്റിന്റെ അവശിഷ്ടങ്ങൾ കൊറിയൻ ഉപദ്വീപിനും ഫിലിപ്പീൻസ് ദ്വീപായ ലൂസോണിനും ഇടയിൽ വീഴാൻ ഇടയുണ്ടെന്നും, മൂന്ന് ഇടങ്ങളെ അപകട മേഖലകളാക്കി തിരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള വിക്ഷേപണം യുഎന്നിന്റെ നിയമാവലിയുടെ ലംഘനമാണെന്നും, പദ്ധതി താത്കാലികമായി നിർത്തിവയ്‌ക്കാൻ ഉത്തരകൊറിയൻ ഭരണകൂടത്തോട് ആവശ്യപ്പെടുമെന്നും യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിലും ഉത്തര കൊറിയ സമാനമായ രീതിയിൽ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. നീക്കത്തെ വിവിധ രാജ്യങ്ങൾ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.
ചാര ഉപഗ്രഹത്തിന് തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗത്തെ ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. അതേസമയം ഏത് സമയത്തും ദക്ഷിണ കൊറിയയുമായി യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ അതിർത്തി കടന്നുള്ള നിരീക്ഷണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ കൂടിയാണ് ഉത്തര കൊറിയയുടെ നീക്കം.