ഡാർഫർ : കനത്ത ആഭ്യന്തരകലാപം തുടരുന്ന സുഡാനിലെ വടക്കൻ ഡാർഫർ പ്രവിശ്യയുടെ തലസ്ഥാനത്ത് സുഡാൻ സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടത്തിൽ കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ.
വടക്കൻ ഡാർഫറിന്റെ തലസ്ഥാനമായ എൽ-ഫാഷറിൽ മെയ് 10 മുതൽ കുറഞ്ഞത് 134 പേർ കൊല്ലപ്പെടുകയും 900-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് (എംഎസ്എഫ്) എന്നറിയപ്പെടുന്ന ഡോക്‌ടേഴ്‌സ് വിത്ത് ബോർഡേഴ്‌സ് ഞായറാഴ്ച പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിൽ പകുതിയോടെ സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ തർക്കമുണ്ടായി . അർദ്ധസൈനിക വിഭാഗങ്ങളെ സൈന്യവുമായി ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു ഈ സംഘർഷത്തിനു കാരണം. തൽഫലമായി, സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ആക്ഷൻ സപ്പോർട്ട് ഫോഴ്‌സ് എന്നറിയപ്പെടുന്ന അർദ്ധസൈനികരുടെ താവളങ്ങൾ ലക്ഷ്യമിട്ട സൈന്യം കനത്ത ആക്രമണമാണ് നടത്തിയത്.
അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിച്ചുള്ള ഈ തുടർ ആക്രമണങ്ങളിൽ സുഡാനിലെ സ്കൂളുകളും ആശുപത്രികളും കൊള്ളയടിക്കപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് എൽ-ബഷർ മേഖലയിൽ പൊടുന്നനെ ആക്രമണമുണ്ടായത്. ഇതിൽ നിരവധി സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടു.
ഒരു വർഷത്തിലേറെ നീണ്ട യുദ്ധത്തിൽ 14,000 പേർ കൊല്ലപ്പെട്ടു എന്നാണ് ഐക്യരാഷ്‌ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. സംഘർഷം കാരണം ഏകദേശം ഒമ്പത് ദശലക്ഷം ആളുകൾ അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തു. കൂടാതെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തു . വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കനുസരിച്ച് സുഡാനിലെ ഏകദേശം അഞ്ച് ദശലക്ഷം ആളുകൾ പട്ടിണിയുടെ വക്കിലാണ്.