ന്യൂഡൽഹി: പാൻനമ്പർ എല്ലാ വ്യവസായ സംരംഭങ്ങളുടെയും തിരിച്ചറിയൽ രേഖയാക്കി മാറ്റാൻ കേന്ദ്രത്തിന്റെ നിർദ്ദേശം. സംസ്ഥാനങ്ങളുടെ വ്യവസായ റാങ്കിംഗ് നിശ്ചയിക്കുന്നതിനുള്ള പുതിയ മാനദണ്ഡത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. സംരംഭം തുടങ്ങുന്നതിന് വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതി വേണ്ടി വരും. ഇതിലെല്ലാം ഉപയോഗിക്കാനുള്ള ഏകീകൃത നമ്പറായി പാൻ മാറ്റുന്നത്.
കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നിന്ന് ഇനുമതി വാങ്ങേണ്ട കാര്യങ്ങൾക്കും പാൻനമ്പർ സംരംഭത്തിൻറെ പൊതുനമ്പറാക്കി മാറ്റും. ഇക്കാര്യം എളുപ്പമാക്കാൻ കേന്ദ്ര-സംസ്ഥാന ഓൺലൈൻ പോർട്ടലുകൾ തമ്മിൽ ബന്ധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. പാൻനമ്പർ നൽകിയാൽ ഏത് വകുപ്പിനും അതിനൊപ്പം സമർപ്പിച്ചിട്ടുള്ള രേഖകൾ ലഭിക്കും. അപേക്ഷകൻ ഓരോ സ്ഥലത്തും വീണ്ടും രേഖകൾ നൽകേണ്ടതില്ല.
റവന്യു, ആഭ്യന്തരം, മലിനീകരണ നിയന്ത്രണ ബോർഡ്, കെഎസ്ഇബി, ജല അതോറിറ്റി, പൊതുമരാമത്ത് വിഭാഗം എന്നിവിടങ്ങളിലെ സംരംഭങ്ങളുടെ അപേക്ഷയിലെ കൺസ്യൂമർ നമ്പരിലും മാറ്റം വരും. വ്യവസായ സംരംഭങ്ങൾക്കുള്ള കൺസ്യൂമർ നമ്പർ അവയുടെ പാൻനമ്പറായി മാറും. ഈ രീതിയിൽ ക്രമീകരണം ഒരുക്കണമെന്നാണ് കേന്ദ്രനിർദ്ദേശം.
ആദായ നികുതിയുടെ വരുമാനപരിധിയിൽ ഉൾപ്പെടാത്ത സംരംഭങ്ങൾ തുടങ്ങുന്നവരും ഇനിമുതൽ പാൻകാർഡ് എടുക്കേണ്ടി വരും. രജിസ്ട്രേഷൻ, നിരാക്ഷേപപത്രം നൽകൽ, അനുമതി പുതുക്കൽ, ആവശ്യമായ രേഖകൾ ഉറപ്പാക്കൽ, സ്കീം അനുസരിച്ചുള്ള എല്ലാ സാമ്പത്തികാനുകൂല്യങ്ങൾ ലഭ്യമാക്കൽ എന്നിവയ്‌ക്കെല്ലാം പാൻ തിരിച്ചറിയൽ രേഖയായി കണക്കാക്കം. എല്ലാ വകുപ്പുകൾക്കും ഏജൻസികൾക്കും ഇത് ബാധകമാണ്. അതിനുള്ള ക്രമീകരണം സംരംഭങ്ങളുമായി ബന്ധപ്പെട്ട ഓൺലൈനിൽ ഉൾപ്പെടുത്തണം.