കൊൽക്കത്ത: റിമാൽ ചുഴലിക്കാറ്റിൽ സിമന്റ് ഭിത്തി തകർന്ന് വീണ് ഒരാൾക്ക് ദാരുണാന്ത്യം. കൊൽക്കത്ത സ്വദേശിയായ മുഹമ്മദ് സാജിബാണ് മരിച്ചത്. 51 വയസായിരുന്നു. ചുഴലിക്കാറ്റിൽ ഭിത്തി ഇടിഞ്ഞ് സാജിബിന്റെ തലയിൽ പതിക്കുകയായിരുന്നു.
മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലാണ് ബംഗാളിലെ വിവിധയിടങ്ങളിൽ ചുഴലിക്കാറ്റ് വീശിയടിച്ചത്. നിരവധി മരങ്ങൾ കടപുഴകി വീഴുകയും നിരവധി വീടുകൾക്ക് തകരാറുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെടുകയും നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
തീരത്തെത്തിയ റിമാൽ ചുഴലിക്കാറ്റ് ഉച്ചയോടെ ദുർബലമായി ന്യൂനമർദ്ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബംഗാൾ, മേഘാലയ, അസം, ത്രിപുര, മിസോറം, നാഗാലാൻഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങൾ പുറത്തേക്കിറങ്ങുന്നത് പരമാവധി കുറയ്‌ക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.