ടെൽ അവീവ്: മാസങ്ങൾക്ക് ശേഷം മധ്യ ഇസ്രായേലിൽ റോക്കറ്റുകൾ തൊടുത്ത് ഹമാസ് ഭീകരർ. ഗാസയിൽ നിന്ന് റോക്കറ്റ് വിക്ഷേപിച്ചതിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തു. ഹമാസിന്റെ സായുധ വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്സ് ആണ് ഇസ്രായേലിൽ ആക്രമണത്തിന് ചുക്കാൻ പിടിച്ചത്.
സയണിസ്റ്റ് കൂട്ടക്കൊലകൾക്ക് മറുപടിയായാണ് റോക്കറ്റ് വിക്ഷേപിച്ചതെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ നഗരത്തിൽ സൈറൺ മുഴക്കി ഇസ്രായേൽ സൈന്യം പ്രതികരിച്ചെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
ഗാസ മുനമ്പിൽ നിന്നാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് ഹമാസിന്റെ അൽ അഖ്സ് ടിവി സ്ഥിരീകരിച്ചു. നാല് മാസത്തിനിടെ ആദ്യമായാണ് റോക്കറ്റാക്രമണം. എട്ടോളം റോക്കറ്റുകളെങ്കിലും ഹമാസ് തൊടുത്തുവിട്ടെന്നും ഇവയിൽ മിക്കതും തടയാൻ ഇസ്രായേൽ സൈന്യത്തിന് സാധിച്ചെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
താത്കാലിക സഹായം എത്തിക്കാനുള്ള യുഎസ്-ഈജിപ്ത് കരാറിന്റെ ഫലമായി ഇന്നലെ റഫാ അതിർത്തി തുറന്ന് നൽകിയിരുന്നു. ഇത് പ്രകാരം തെക്കൻ ഇസ്രായേലിലൂടെ ട്രക്കുകൾ ഗാസയിലേക്ക് പ്രവേശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വൻ മിസൈലാക്രമണം.
ഇന്നലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇസ്രേയേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനായി കൂടുതൽ “സർപ്രൈസുകൾ” തയ്യാറാക്കുകയാണെന്നാണ് ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്‌റല്ല ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം. ഒക്ടോബർ 7-ലെ ഭീകരാക്രമണത്തിന് ഹിസ്ബുള്ളയുടെ പിന്തുണയുണ്ടായിരുന്നു.