ചണ്ഡീഗഡ്: പഞ്ചാബിൽ വികസനം സാധ്യമാകാൻ നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്ന കാഴ്ചയ്‌ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. ചണ്ഡീഗഡിൽ നടന്ന പ്രചാരണ റാലിക്കിടെ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” ജൂൺ നാലിന് മോദി സർക്കാർ വീണ്ടും അധികാരത്തിലേറും. രാജ്യത്ത് വികസന പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ നരേന്ദ്രമോദി സർക്കാർ ഒരിക്കൽ കൂടി രാജ്യത്ത് ഭരിക്കണം. സാമ്പത്തിക വ്യവസ്ഥയിൽ 11-ാം സ്ഥാനത്തായിരുന്ന നമ്മുടെ രാജ്യം ഇന്ന് 5-ാം സ്ഥാനത്താണ്. ഈ സ്ഥാനവും മറികടന്ന് നാം മൂന്നാം സ്ഥാനത്തെത്തേണ്ടതുണ്ട്. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ.”- ഹർദീപ് സിംഗ് പുരി പറഞ്ഞു.
ഇന്ന് രാജ്യത്തിന് മുന്നിൽ രണ്ട് കാര്യങ്ങളാണുള്ളത്. ഒരു വശത്ത് അഴിമതിയും ജനങ്ങളെ കൊള്ളയടിക്കുന്നതുമായ അരവിന്ദ് കെജ്‌രിവാളിന്റെ ഭരണം. മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് വികസങ്ങൾ കൊണ്ടുവരുന്ന ഭരണം. ഇതിൽ ഏത് വേണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്നും ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു. പഞ്ചാബിൽ മാറ്റങ്ങൾ അനിവാര്യമാണെന്നും കെജ്‌രിവാളിന്റെ പാർട്ടിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും അദ്ദേഹം തുറന്നടിച്ചു.