കൊച്ചി: വാക്ക് പാലിച്ച് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്ജെൻഡർമാരുടെ ലിംഗമാറ്റ ശസ്ത്രക്രിയ അമൃത ആശുപത്രിയിൽ ഇന്ന് തുടങ്ങും. ഇതിനുള്ള രേഖകൾ ആശുപത്രിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം കൈമാറി.
ആദ്യഘട്ടത്തിൽ പത്ത് പേരാണ് സുരേഷ് ഗോപിയുടെ സാമ്പത്തിക സഹായത്തോടെ ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് വിധേയരാകുന്നത്. 12 ലക്ഷം രൂപ അദ്ദേഹം ഇതിനായി അമൃത ആശുപത്രിക്ക് കൈമാറി.
ദയയും കാരുണ്യവുമല്ല ഇത്. വലിയ അത്യാവശ്യവും സമൂഹത്തിന്റെ ബാധ്യതയുമാണ്. എല്ലാവർക്കും ജീവിതവും മാന്യമായി ജീവിക്കാനുള്ള അവകാശവും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടക്കും കൂടിയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ലിംഗമാറ്റ ശസത്രക്രിയയ്‌ക്ക് സർക്കാർ നൽകുന്ന ധനസഹായം വൈകിയാൽ അടുത്ത പത്ത് പേർക്ക് കൂടി പണം നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അനീഷ, മിഖ, വീനസ് പോൾ, ശ്രാവന്തിക ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എൽസ, അദ്രിജ എന്നീ പത്ത് ചേർക്കാണ് ആദ്യ ഘട്ടത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. മുംബൈയിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷൻ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവർക്കായി കഴിഞ്ഞ ഓഗസ്റ്റിൽ തൃശൂരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലും കേരളപ്പിറവി ദിനത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച ആഘോഷത്തിലും മുഖ്യാതിഥിയായി പങ്കെടുത്ത സുരേഷ് ഗോപി പത്ത് ട്രാൻസ്ജെൻഡർമാകുടെ ശസ്ത്രക്രിയയ്‌ക്ക് വേണ്ട തുക താൻ നല്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.