അഹമ്മദാബാദ് : രാജ്കോട്ട് ഗെയിമിങ് സോണിലുണ്ടായ തീപിടിത്തത്തിൽ കർത്തവ്യനിർവ്വഹണത്തിൽ വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി ഗുജറാത്ത് സർക്കാർ. അപകടം നടന്ന രാജ്കോട്ടിലെ പൊലീസ് കമ്മീഷണറെയും സിറ്റി സിവിക് ചീഫിനെയും ഉൾപ്പെടെ സ്ഥലം മാറ്റി. ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് കമ്മീഷണർ രാജു ഭാർഗവയെ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്.
കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ 28 പേരാണ് മരിച്ചത്. ഗെയിമിങ് സോണിൽ ഫയർ സേഫ്റ്റി ക്ലിയറൻസ് ഇല്ലായിരുന്നു എന്നുൾപ്പെടെയുളള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിന്റെ കർശന നടപടി. രണ്ട് പോലീസ് ഉദ്യോഗസ്ഥർ, രണ്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റന്റ് എഞ്ചിനീയർ, ടൗൺ പ്ലാനർ, ഫയർ സ്റ്റേഷൻ ഓഫീസർ എന്നിവരുൾപ്പെടെ 7 പേരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അപകടമുണ്ടായ ഗെയിമിങ് സോണിലെ പാർക്കിന് അനുമതി നൽകിയവരാണ് നടപടി നേരിട്ട ഉദ്യോഗസ്ഥർ.
രാജ്കോട്ട് താലൂക്ക് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എൻആർ പട്ടേൽ, രാജ്കോട്ട് സിറ്റി പൊലീസിന്റെ ലൈസൻസ് ബ്രാഞ്ച് ഇൻചാർജ്ജ് എൻഐ റാത്തോഡ് എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്ന് പാർക്കിനായി നൽകിയ അപേക്ഷ പരിഗണിച്ചതും കൈകാര്യം ചെയ്തതും ഇരുവരും ചേർന്നാണ്. റെയ്സ് വേ എന്റർപ്രൈസസ് ആണ് ലൈസൻസിന് അപേക്ഷിച്ചത്. 2023 നവംബർ 17 ന് ലൈസൻസ് നൽകാൻ യോഗ്യമെന്ന് കാണിച്ച് എൻആർ പട്ടേൽ റിപ്പോർട്ട് നൽകുകയായിരുന്നു.
റോഡ്സ് ആൻഡ് ബിൽഡിംഗ് ഡിപ്പാർട്ട്മെന്റിൽ നിന്ന് പാർക്കിനുളള അപേക്ഷകൾ ക്ലിയർ ചെയ്തു നൽകിയ എക്സിക്യൂട്ടീവ് എൻജിനീയർമാരായ എംആർ സുമ, പരസ് ഖോത്തിയ എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച അപകട സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഗെയിമിംഗ് സോണിന്റെ സഹ ഉടമകളിലൊരാളെയും, സ്ഥാപനത്തിന്റെ മാനേജരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.