വാഷിംഗ്ടൺ: മദ്ധ്യ യുഎസിൽ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിൽ നാല് കുട്ടികൾ ഉൾപ്പെടെ 18 പേർ മരിച്ചു. അർക്കൻസാസ്, ഇല്ലിനോയിസ്, കെൻ്റക്കി, മിസൗറി, ടെന്നസി എന്നീ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ദശലക്ഷകണക്കിന് ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ട്. മിസിസിപ്പി, ഒഹായോ, ടെന്നസി നദീതടങ്ങളിലാണ് പ്രധാനമായും നാശനഷ്ടമുണ്ടായത്.
കഴിഞ്ഞ ദിവസം യുഎസിൽ 11 തവണയാണ് അതീവ്ര ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതിനേ തുടർന്ന് 13 സംസ്ഥാനങ്ങളിലെ വൈദ്യുത ബന്ധം താറുമാറായിരിക്കുകയാണ്. 642,000-ത്തിലധികം ആളുകൾ ഇരുട്ടിലാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
കാറ്റിന്റെ ശക്തി ദുർബലമായിട്ടില്ലെന്നും ഇനിയും 85 മൈൽ വരെ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ പ്രവചന കേന്ദ്രം അറിയിച്ചു. ബേസ്ബോളിനേക്കാൾ വലിയ ആലിപ്പഴ വീഴ്ചയ്ക്കുള്ള സാദ്ധ്യതയും പ്രവചിക്കുന്നുണ്ട്.