തിരുവനന്തപുരം : കാലവർഷം പടിവാതിൽക്കലെത്തിയിട്ടും കഴിഞ്ഞ വർഷം കാലവർഷക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം നൽകാതെ പിണറായി സർക്കാർ. കഴിഞ്ഞ വർഷം മഴക്കെടുതിയൽ സംസ്ഥാനത്ത് 93 വീടുകൾ പൂ.ർണമായും 2,108 വീടുകൾ ഭാഗികമായും തകർന്നിരുന്നു. എന്നാൽ പൂർണമായി തകർന്നവർക്ക് മാത്രമാണ് ആദ്യ ഗഡു ലഭ്യമാക്കിയത്. ഇവർക്ക് ഇനിയും ബാക്കി തുക ലഭിക്കാനുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സംസ്ഥാന ദുരന്ത പ്രതികരണ നിധി എന്നിവയിൽ നിന്നാണ് നഷ്ടപരിഹാര തുക അനുവദിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെന്ന പതിവ് പല്ലവിയാണ് കിടപ്പാടം നഷ്ടമായവരോടും സർക്കാർ നൽകുന്ന മുടന്തൻ ന്യായം. കടക്കെണി കാരണം തുക അനുവദിച്ചിട്ടില്ലെന്നാണ് റവന്യു വകുപ്പ് നൽകുന്ന വിശദീകരണം.
നാല് ലക്ഷം രൂപയാണ് വീട് പൂർണമായി തകർന്നാൽ നഷ്ടപരിഹാരമായി ലഭിക്കുക. ഭാഗികമായി തകർന്നാൽ തദ്ദേശ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം പരിശോധിച്ചാണ് നഷ്ടപരിഹാരത്തിന്റെ തോത് കണക്കാക്കുന്നത്. 15%, 15–29%, 30–59%, 60–74%, 75–100% എന്നിങ്ങനെ വിഭാഗങ്ങളിലായി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നാശനഷ്ടം വിലയിരുത്തുന്നത്.