ടി20 ലോകകപ്പിന് മുന്നോടിയായുള്ള പാകിസ്താനെതിരായ പരമ്പരയ്‌ക്കായി ഐപിഎല്ലിൽ നിന്ന് താരങ്ങളെ തിരിച്ചുവിളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരെ മുൻ നായകൻ മൈക്കൽ വോൺ. ബെംഗളൂരു താരം വിൽ ജാക്‌സ്, കൊൽക്കത്ത താരം ഫിൽ സാൾട്ട്, രാജസ്ഥാൻ താരം ജോസ് ബട്‌ലർ എന്നിവരെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്ലേ ഓഫ് ആരംഭിക്കുന്നതിന് മുമ്പേ തിരിച്ചുവിളിച്ചത്. ഇതോടെ മൂവർക്കും പ്ലേ ഓഫ് നഷ്ടമായി.
ലോകകപ്പിന് മുമ്പുള്ള മികച്ച അവസരമാണ് ഇംഗ്ലണ്ട് ടീം നഷ്ടപ്പെടുത്തിയതെന്നാണ് ഒരു പോഡ്കാസ്റ്റിൽ മൈക്കൽ വോണും ആദം ഗിൽക്രിസ്റ്റും വിമർശിച്ചത്. നിങ്ങൾക്ക് മികച്ച അവസരമാണ് നഷ്ടമായത്. വിൽ ജാക്‌സ്, സാൾട്ട്, ബട്‌ലർ എന്നിവരെല്ലാം ഐപിഎൽ പ്ലേ ഓഫ് കളിക്കേണ്ടിയിരുന്ന താരങ്ങളാണ്. സമ്മർദ്ദവും ആൾക്കൂട്ടവും പ്രതീക്ഷയുമെല്ലാം അവിടെയുണ്ടായിരുന്നു. പാകിസ്താനെതിരെ ടി20 കളിച്ച് ടൂർണമെന്റിന് തയ്യാറെടുക്കുന്നതിനേക്കാൾ നല്ലത് ഇന്ത്യയിൽ ഐപിഎൽ കളിക്കുന്നതാണെന്നും വോൺ പറഞ്ഞു.
ക്ലബ്ബ് ക്രിക്കറ്റിന് അന്താരാഷ്‌ട്ര ക്രിക്കറ്റിനേക്കാൾ മുൻതൂക്കം നൽകണമെന്നല്ല അർത്ഥം. ടി20യിൽ താരങ്ങൾ ആരാധകരിൽ നിന്നും ഉടമകളിൽ നിന്നും സമൂഹമാദ്ധ്യമങ്ങളിൽ നിന്നും വലിയ സമ്മർദമാണ് നേരിടുന്നത്. ഇതിലൂടെ താരങ്ങൾക്ക് മാനസികമായി ലോകകപ്പിന് തയ്യാറെടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.