കാസർകോട്: ഉറങ്ങി കിടന്നിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതി പിഎ സലീമിന്റെ സഹോദരിയെയും പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. കുട്ടിയെ പീഡിപ്പിച്ച ശേഷം മോഷ്ടിച്ച കമ്മൽ വിൽക്കാൻ സലീമിനെ സഹായിച്ചത് സഹോദരിയാണെന്ന് പൊലീസ് കണ്ടെത്തി. 6,500 രൂപയ്‌ക്കാണ് ഇയാൾ കമ്മൽ വിറ്റത്. ഇതിന്റെ സ്ലിപ്പ് പൊലീസ് കൂത്തുപറമ്പിലുള്ള വീട്ടിൽ നിന്ന് കണ്ടെത്തി.
സഹോദരിയോട് അന്വേഷണ സംഘം സലീമിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചിരുന്നെങ്കിലും സംഭവത്തെ കുറിച്ച് ഇവർ ഒന്നും തന്നെ പൊലീസിൽ പറഞ്ഞിരുന്നില്ല. തുടർന്ന് സലീമിനെ പിടികൂടിയ ശേഷം വിശദമായി ചോദ്യം ചെയ്തതോടെയാണ് സ്വർണം വിൽക്കാൻ സഹായിച്ചത് സഹോദരിയാണെന്ന് പൊലീസ് കണ്ടെത്തിയത്.
കുട്ടിയുടെ ആഭരണം കവർന്ന ശേഷം സലീം സഹോദരിയെ കാണുകയും ഇരുവരും ചേർന്ന് ഒരു ജ്വല്ലറിയിലെത്തി സ്വർണം വിൽക്കുകയുമായിരുന്നു. സ്വർണം വിറ്റ കാശുമായി ഇയാൾ നേരെ ആന്ധ്രാ പ്രദേശിലേക്ക് കടന്നുകളഞ്ഞു. എന്നാൽ പിടിക്കപ്പെടുന്ന സമയത്ത് ഇയാളുടെ പക്കൽ പണമില്ലായിരുന്നുവെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ടിക്കറ്റെടുക്കാതെയാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. അതിനാൽ പണം മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.