ചണ്ഡീഗഢ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചായവിൽപ്പക്കാരനെന്ന് അധിക്ഷേപിച്ച് ശശി തരൂർ എംപി. ജവഹർലാൽ നെഹ്റു കാരണമാണ് ചായ വിൽപ്പനക്കാരന് പോലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതെന്നായിരുന്നു ശശി തരൂരിന്റെ പരാമർശം. നെഹ്റുവിന്റെ 60-ാം ചരമവാർഷിക ദിനത്തിൽ നടന്ന പരിപാടിയിലാണ് നരേന്ദ്രമോദിയുടെ ആദ്യകാല ജീവിതത്തെ തരൂർ ഇകഴ്ത്തി സംസാരിച്ചത്.
17 വർഷമാണ് നെഹ്റു രാജ്യം ഭരിച്ചത്. അദ്ദേഹം ഉയർത്തിയ ജനാധിപത്യ മൂല്യങ്ങൾ കാരണമാണ് ഒരു ചായ വിൽപ്പനക്കാരന് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതെന്ന് തരൂർ അവകാശപ്പെട്ടു. വിഭജനത്തിന്റെ സമയത്ത് നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അന്ന് എകാധിപത്യ ഭരണമാണ് നല്ലതെന്ന് അഭിപ്രായങ്ങൾ ഉയർന്നിരുന്നു. രണ്ട് വർഷത്തിന് ശേഷം ഗാന്ധിജി കൊല്ലപ്പെട്ടു. തുടർന്ന് പട്ടേൽ മരണപ്പെട്ടു. പിന്നീട് നെഹ്റുവിന് വേണമെങ്കിൽ വ്യത്യസ്തമായ വഴി തിരഞ്ഞെടുക്കാമായിരുന്നു, തരൂർ പറഞ്ഞു.
കഴിഞ്ഞ ദിവസം യുപിലെ മിർസാപൂരിൽ നടന്ന റാലിക്കിടെ പ്രധാനമന്ത്രി ആദ്യകാല ജീവിതത്തെ കുറിച്ച് മനസ് തുറന്നിരുന്നു. കപ്പും പ്ളേറ്റും കഴുകിയും ചായ വിളമ്പിയുമാണ് താൻ വളർന്നത്. മോദിയും ചായയും തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.