നിശ്ചയദാർഢ്യത്തോടെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമായി ഒരമ്മയും മകനും. ബെംഗളൂരു സ്വദേശിയായ നീലം ഗോയൽ (42) മകൻ കൻഹ അബോട്ടിയും (11) എന്നിവരാണ് 5,364 മീറ്റർ ഉയരമുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ട്രക്കിംഗ് നടത്തി വാർത്തകളിൽ നിറയുന്നത്. ബേസ് ക്യാമ്പിൽ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൺകുട്ടികളിൽ ഒരാളാണ് കൻഹ. ശാരീരിക ബുദ്ധിമുട്ടുകൾ മറികടന്നാണ് ഇവർ സ്വപ്നം കീഴടക്കിയത്.
നാല് വർഷം നീണ്ട തയ്യാറെടുപ്പുകളാണ് അമ്മയും മകനും ഇതിനായി നടത്തിയത്. ഇവർ ദിവസവും 12 കിലോമീറ്റർ നടക്കുകയും 12 നില കെട്ടിടങ്ങൾ കയറുകയും ചെയ്തു. ഏപ്രിൽ 21 മുതൽ മെയ് 7 വരെ ഹിമാലയൻ ബേസ് ക്യാമ്പിലേക്ക് ട്രക്കിംഗിന് പോയ എട്ടംഗ സംഘത്തിലെ അംഗങ്ങളാണ് ഇവർ.
2020 ഫെബ്രുവരിയിൽ നട്ടെല്ലിന്റെ ഡിസ്കിന് സ്ഥാനചലനം സംഭവിച്ചിരുന്നു, അതിനുശേഷം ശാരീകാദ്ധ്വാനങ്ങൾ പാടില്ലെന്ന് ഡോക്ടർ ഉപദേശിച്ചതായി നീലം പറഞ്ഞു. അതൊന്നും എന്റേയും മകന്റേയും എവറസ്റ്റ് എന്ന ആഗ്രഹത്തിന് തടസ്സമായില്ല. കായിക ബലം വർദ്ധിപ്പിക്കുന്നതിനായി ഞങ്ങൾ ദിവസവും നടക്കുകയും പടികൾ കയറുകയും ചെയ്യും. ഒപ്പം കർണാടകയിലെ കുമാരപർവ്വതവും തഡിയന്റോളും ഡെറാഡൂണിലെ മറ്റ് കുന്നുകളിലേക്കും ഞങ്ങൾ ട്രെക്കിംഗ് നടത്തി. ദിവസേനയുള്ള പരിശീലനം കാര്യങ്ങൾ എളുപ്പമാക്കി. ഇനി എവറസ്റ്റാണ് ഞങ്ങളുടെ ലക്ഷ്യം, നീലം വ്യക്തമാക്കി.