തായ്പേയ്: തങ്ങളുടെ അതിർത്തി മേഖലകൾക്ക് ചുറ്റും ചൈനയുടെ സൈനിക വിമാനങ്ങളും കോസ്റ്റ് ഗാർഡ് കപ്പലുകളും തമ്പടിച്ചിരിക്കുകയാണെന്ന ആരോപണവുമായി തായ്‌വാൻ. 21 ചൈനീസ് സൈനിക വിമാനങ്ങളും 11 യുദ്ധ കപ്പലുകളും നാല് ചൈനീസ് കോസ്റ്റ് ഗാർഡ് കപ്പലുകളും കഴിഞ്ഞ ദിവസം മുതൽ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും, നാവിക കപ്പലുകളേയും തീരദേശമിസൈലുകളേയും വിവിധ ഇടങ്ങളിലായി വിന്യസിക്കുകയും ചെയ്തതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൈനിക വിമാനങ്ങളിൽ 10 എണ്ണം തായ്‌വാന്റെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ മേഖലയിലെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിനുള്ളിൽ പ്രവേശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ചൈനയുടെ നീക്കങ്ങൾ ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്നും തങ്ങളുടെ പരമാധികാരവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിച്ച് കൊണ്ട് മുന്നോട്ട് പോകാൻ പ്രതിജ്ഞാബദ്ധമാണെന്നും തായ്‌വാൻ പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു. തായ്‌വാന് മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും, ഇത് തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്നുമാണ് ചൈനയുടെ വാദം. തായ്‌വാൻ ഈ വാദത്തെ എതിർത്ത് പ്രതിരോധിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ബലം പ്രയോഗിക്കേണ്ടി വരുമെന്നും ചൈന ഭീഷണി മുഴക്കുന്നു.
തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ നിയമിച്ചതിന് പിന്നാലെയാണ് ചൈന വീണ്ടും തായ്‌വാനെ വളഞ്ഞത്. തായ്‌വാന്റെ പുതിയ പ്രസിഡന്റായി വില്യം ലായ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ചൈനയുടെ രാഷ്‌ട്രീയ ഭീഷണി അവസാനിപ്പിക്കണമെന്നാണ് അധികാരം ഏറ്റെടുത്തതിന് പിന്നാലെ വില്യം ലായ് ആവശ്യപ്പെട്ടത്. ജനാധിപത്യത്തിലും പരമാധികാരത്തിലും വിട്ടുവീഴ്ചയ്‌ക്കില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്.
പിന്നാലെ തായ്‌വാന് ചുറ്റുമുള്ള ഇടങ്ങളിൽ നാവിക, വ്യോമ സേനകളുടെ നേതൃത്വത്തിൽ സംയുക്ത സൈനികാഭ്യാസം ആരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ തായ്‌വാനും സമുദ്ര അതിർത്തികളിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നതെന്നും ഇവർ ആരോപിക്കുന്നു.