അക്ര: കരകടന്ന് ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ടെലികോം സർവീസ് ആരംഭിക്കാൻ റിലയൻസ് ജിയോ. ഘാന ആസ്ഥാനമായുള്ള നെക്സ്റ്റ്-ജെൻ ഇൻഫ്രാകോയ്‌ക്ക് (NGIC) നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, ആപ്ലിക്കേഷനുകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ യൂണിറ്റായ റാഡിസിസ് കോർപ്പറേഷൻ നൽകുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷാവസാനത്തോടെയാകും പ്രവർത്തനം ആരംഭിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം.
മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് 5ജി അതിവേഗ ഇന്റർനെറ്റ് ജിയോ ലഭ്യമാക്കുമെന്ന് NGIC എക്സിക്യൂട്ടീവ് ഡയറക്ടർ ഹർകിരിത് സിംഗ് വ്യക്തമാക്കി. വളർന്നുവരുന്ന വിപണിയിൽ കുറഞ്ഞ വിലയിൽ മികച്ച ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നോക്കിയ Oyj, ടെക് മഹീന്ദ്ര ലിമിറ്റഡ്, മൈക്രോസോഫ്റ്റ് കോർപ്പറേഷൻ എന്നിവരാണ് എൻജിഐസിയിലെ പങ്കാളികൾ.
MTN ഘാന, വോഡഫോൺ ഘാന, സർക്കാർ നടത്തുന്ന എയർടെൽ ടിഗോ (AirtelTigo) എന്നിങ്ങനെ മൂന്ന് ഓപ്പറേറ്റർമാരാണ് ഘാനയിൽ പ്രവർത്തിക്കുന്നത്. വൻ തുക ചെലവഴിച്ചാണ് മൊബൈൽ ഓപ്പറേറ്റർമാർ പ്രവർത്തിക്കുന്നത്. ജിയോയുടെ കൈത്താങ്ങ് കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ് സാധ്യമാക്കും. ഇതോടെ വലിയ തോതിൽ ബ്രോർഡ്ബാൻഡ് സേവനങ്ങൾ ആഫ്രിക്കയിലെമ്പാടും ലഭ്യമാകുമെന്നും സിംഗ് പറഞ്ഞു.