ഹൈദരാബാദ് : പുകയിലയും, നിക്കോട്ടിനും അടങ്ങിയ ഗുഡ്ക , പാൻ മസാല എന്നിവയ്‌ക്ക് നിരോധനമേർപ്പെടുത്തി തെലങ്കാന സർക്കാർ. മെയ് 24 മുതൽ ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനാരോഗ്യം കണക്കിലെടുത്താണ് നിരോധനമെന്ന് തെലങ്കാന ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.
ഗുഡ്കയും പാൻമസാലയും നിർമിക്കുന്നതും സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഇത്തരം ഉൽപന്നങ്ങളുടെ ഗതാഗതവും വിലക്കും. 2006 ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് സെക്ഷൻ 30 ലെ വിവിധ വകുപ്പുകൾ പ്രകാരവും 2011 ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് റെഗുലേഷൻ നിയമപ്രകാരവുമാണ് ഗുഡ്ക, പാൻമസാല ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
2021 ൽ ഗുഡ്ക നിരോധിച്ച് തെലങ്കാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പുകയില നിർമ്മാതാക്കളിൽ നിന്നുണ്ടായ തുടർച്ചയായ ഇടപെടലുകളെ തുടർന്ന് 2022 ൽ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.