ഷിംല: കോൺഗ്രസ് നേതാക്കൾ ഇന്ത്യയിലാണെങ്കിലും അവരുടെ വാഴ്ത്തുപാട്ടുകൾ പാകിസ്താനുവേണ്ടിയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കേന്ദ്രമന്ത്രിയുടെ രൂക്ഷ വിമർശനം. ജലന്ധറിനെ മെഡിക്കൽ ഹബ്ബാക്കി മാറ്റുമെന്നും വാഗാ അതിർത്തി തുറന്നു നൽകി പാകിസ്താനികൾക്കും ഇന്ത്യയിൽ വന്ന് ചികിത്സിക്കാൻ അവസരം നല്കുമെന്നുമായിരുന്നു ഛന്നിയുടെ വിവാദ പ്രസ്താവന.
“തെരെഞ്ഞെടുപ്പ് നടക്കുന്നത് പാകിസ്താനിലല്ല ഇന്ത്യയിലാണ്, എന്നാൽ പാകിസ്താനെ പിന്തുണക്കുന്നവരുടെ വോട്ടുകൾ തേടണമെന്നാണ് അവരുടെ ചിന്ത,”അനുരാഗ് ഠാക്കൂർ പറഞ്ഞു. തുടക്കം മുതൽ തന്നെ പാകിസ്താന് അനുകൂലമായാണ് കോൺഗ്രസ് നിലപാടുകൾ സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ പ്രതിരോധ മേഖലയിൽ നടന്ന പല അഴിമതികളിലും കോൺഗ്രസിന് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമവർ ഇന്ത്യയുടെ ഒരുഭാഗം പാക് അധീന കശ്മീരാക്കി മാറ്റി. അവർക്ക് രാജ്യത്തിനുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നു. എന്നാൽ ഒന്നും ചെയ്തില്ല. പകരം ബൊഫോഴ്സ് അഴിമതി,അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി മുങ്ങിക്കപ്പൽ അഴിമതി എന്നിങ്ങനെ എന്നിങ്ങനെ വ്യത്യസ്ത കുംഭകോണങ്ങളിലൂടെ ഇന്ത്യൻ സേനയെ ദുർബലമാക്കി.
അവർ ഒരിക്കലും സൈനികർക്ക് വേണ്ടി ഒരു റാങ്ക്, ഒരു പെൻഷൻ പദ്ധതി നടപ്പാക്കിയില്ല. എന്നിട്ടിപ്പോൾ ജനങ്ങൾക്കിടയിൽ കള്ള പ്രചാരണങ്ങൾ നടത്തുകയാണെന്ന് അനുരാഗ് പറഞ്ഞു. ജൂൺ ഒന്നിന് പ്രതിപക്ഷ പാർട്ടികൾ യോഗം വിളിച്ചുചേർത്തിരിക്കുന്നത് പരാജയ ഭീതിയിൽ കരയാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.