ന്യൂഡൽഹി: കരസേനാ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി കേന്ദ്രം. ഈ മാസം 31-ന് വിരമിക്കാനിരിക്കേയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ അത്യപൂർവ നടപടി. ജൂൺ 30 വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി നീട്ടിയത്.
1954-ലെ സൈനിക നിയമത്തിലെ 16 എ (4) പ്രകാരമാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മേയ് 26-ന് ചേർന്ന കാബിനറ്റ് അപ്പോയിൻ്റ്മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. മുതിർന്ന തസ്തികയിലുള്ള രണ്ട് ഉദ്യോഗസ്ഥരും വിരമിക്കുന്നത് ജൂൺ 30-നാണ്. കരസേനാ വൈസ് ചീഫ് ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിസതേൺ ആർമി കമാൻഡർ ലഫ്റ്റനൻ്റ് ജനറൽ എ.കെ സിംഗ് എന്നിവരാണ് അന്നേ ദിവസം വിരമിക്കുക.
ലോകത്തിലെ രണ്ടാമത്തെ വലിയ സൈന്യത്തിന്റെ അടുത്ത മേധാവി ആരെന്നത് സംബന്ധിച്ച വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കരസേന മേധാവിമാർ അധികാരമൊഴിയുന്നതിന് മുൻപ് തന്നെ പിൻഗാമിയെ പ്രഖ്യാപിക്കാറുണ്ടായിരുന്നു. എന്നാൽ മനോജ് പാണ്ഡയുടെ പിൻഗാമിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അഞ്ച് പതിറ്റാണ്ടിന് ശേഷമാണൊരു കരസേന മേധാവിയുടെ കാലവധി നീട്ടുന്നത്. 1973-ൽ ഫീൽഡ് മാർഷൽ എസ്എച്ച്എഫ്ജെ മനേക്ഷയുടെ പിൻഗാമിയായി ചുമതലയേറ്റ ജനറൽ ജിജി ബേവൂറിനായിരുന്നു ഇത്തരത്തിൽ കാലാവധി നീട്ടി നൽകിയത്.